ശറഫിയ ഏരിയ ഒഐസിസി കമ്മിറ്റി ജിദ്ദ രാജീവ് ഗാന്ധി അനുസ്മരണം നടത്തി
Monday, August 25, 2014 8:19 AM IST
ജിദ്ദ: രാജീവ് ഗാന്ധിയുടെ എഴുപതാം ജന്മദിന വാര്‍ഷികത്തോട് അനുബന്ധിച്ച് ഒഐസിസി ശറഫിയ ഏരിയ കമ്മിറ്റി ജിദ്ദ, രാജീവ് ഗാന്ധി അനുസ്മരണ യോഗം സംഘടിപ്പിച്ചു.

ഇന്ത്യയുടെ ഉയര്‍ന്ന സാക്ഷരത, ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ ഉന്നതമായ നേട്ടം, മിസൈല്‍ രംഗത്ത് ലോക രാജ്യങ്ങളോട് കിടപിടിക്കും വിധമുള്ള വളര്‍ച്ച, വാണിജ്യാടിസ്ഥാനത്തില്‍ മിസൈല്‍ ഉത്പാദനം നടത്താന്‍ സ്വയം പര്യാപ്തത കൈവരിച്ചത്, ടെലിഫോണ്‍ രംഗത്ത് വിപ്ളവകരമായ നേട്ടം കൈവരിച്ചത്, കംപ്യൂട്ടര്‍ വത്കരണത്തിലൂടെ ഇന്ത്യയെ ആധുനിക വത്കരിച്ചത്, പഞ്ചാബ് ആസാം ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിച്ചത്, ഇന്തോ-ശ്രീലങ്ക ഉടമ്പടിയിലൂടെ ശ്രീലങ്കയിലെ ഇസ്രായേല്‍ സാന്നിധ്യം അവസാനിപ്പിച്ചത്, വിദഗധരെ വാര്‍ത്തെടുക്കുവാന്‍ ഇന്ദിര ഗാന്ധിയുടെ പേരില്‍ മുംബൈയില്‍ ശാസ്ത്ര സാങ്കേതിക റിസര്‍ച്ച് സ്റഡി സെന്റര്‍ തുടങ്ങിയത് എന്നിവ എല്ലാം ആധുനിക ഇന്ത്യയുടെ വളര്‍ച്ചക്ക് ആക്കം കൂട്ടി. ഇതൊക്കെ രാജിവ് ഗാന്ധിയുടെ ചടുലമായ നീക്കങ്ങളിലൂടെ ആയിരുന്നു. ചേരി ചേരാ പ്രസ്ഥാനത്തിന്റെ അവസാനത്തെ ശക്തനായ ഭരണാധികാരി ആയിരുന്നു രാജീവ്. വെറും അഞ്ചു വര്‍ഷം കൊണ്ട് അതിനു മുമ്പുള്ള നാല്പതു വര്‍ഷം നേടിയതിനേക്കാള്‍ നേട്ടം ഉണ്ടാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞത് രാജീവിന്റെ ദീര്‍ഘ വീക്ഷണം ഒന്നുകൊണ്ട് മാത്രമായിരുന്നു. നവോദയ വിദ്യാലങ്ങള്‍ തുടങ്ങിയത്, യുവജനക്ഷേമ പ്രവര്‍ത്തങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയത്, പ്രവര്‍ത്തി ദിനം അഞ്ചാക്കി ചുരുക്കിയത്, ലൈസന്‍സ് രാജ് അവസാനിപ്പിച്ചത്, ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വാശ്രയ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ അനുമതി നല്‍കിയത്, ബാംഗളൂര്‍, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ ഐ.ടി. ഹബുകള്‍ സ്ഥാപിച്ചത് എല്ലാം രാജീവിന്റെ ഭരണ നേട്ടങ്ങളായിരുന്നു.

യോഗത്തില്‍ ഒഐസിസി ഷറഫിയ എരിയ കമ്മിറ്റി വൈസ് പ്രസിഡന്റ് നൂറുദ്ദീന്‍ കാളികാവ് അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ളോബല്‍ ജനറല്‍ സെക്രട്ടറി ശരീഫ് കുഞ്ഞു ഉദ്ഘാടനം ചെയ്തു. 'രാജീവ് ഗാന്ധിയുടെ ജീവിതവും ഭരണ നേട്ടങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി മാമദു പൊന്നാനി അനുസ്മരണ പ്രഭാഷണം നടത്തി. സല്‍ഭാവന പ്രതിജഞ താഹിര്‍ ആമയൂര്‍ ചൊല്ലി. അബ്ദുള്‍ മജീദ് നഹ, കെ.ടി.എ. മുനീര്‍, റഷീദ് കൊളത്തറ, സക്കീര്‍ ഹുസൈന്‍ എടവണ്ണ, ശരഫുദ്ദിന്‍ കായംകുളം, മോഹന്‍ ബാലന്‍, രാജഗോപാല്‍ എലക്ട്ര, അബ്ദുള്‍ രഹീം ഇസ്മായില്‍, അനില്‍ കുമാര്‍ പത്തനംതിട്ട, ശ്രീജിത്ത് കണ്ണൂര്‍, അഷ്റഫ് വടക്കേകാട്, മുസ്തഫ തൃത്താല, സൈദലവി എന്‍. വയനാട്, സാദിക് കായംകുളം, ശരീഫ് അറക്കല്‍, അസീസ് ബാലുശേരി, മജീദ് ചേരൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഒഐസിസി ഷറഫിയ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഫസലുള്ള വള്ളുവംപാലി സ്വാഗതവും സലിം ചേലേമ്പ്ര നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍