ഡോ. യു.ആര്‍ അനന്തമൂര്‍ത്തിക്ക് മസ്കറ്റ് കേരളാ വിഭാഗത്തിന്റെ ആദരാഞ്ജലികള്‍
Monday, August 25, 2014 3:58 AM IST
മസ്കറ്റ്: വെള്ളിയാഴ്ച ബാംഗളൂരില്‍ അന്തരിച്ച ജ്ഞാനപീഠപുരസ്കാര ജേതാവും പ്രശസ്ത സാഹിത്യകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. യു.ആര്‍ അനന്തമൂര്‍ത്തിക്ക് കേരളാവിഭാഗം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഒരു മിനിട്ട് മൌനാചരണത്തിനു ശേഷം അനന്തമൂര്‍ത്തി നല്‍കിയ സംഭാവനകളെ സ്മരിച്ചുകൊണ്ട് ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ വിത്സണ്‍ ജോര്‍ജ്, മുരളിധരന്‍, ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. 'കര്‍ണാടകയില്‍ ആണ് ജനിച്ചതെങ്കിലും മലയാളികളെ സംബന്ധിച്ചിടത്തോളം അവര്‍ എന്നും നെഞ്ചോടു ചേര്‍ത്തുവച്ച സാഹിത്യകാരനായിരുന്നു ഡോ. അനന്തമൂര്‍ത്തി. മഹാത്മാഗാന്ധി സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ എന്ന നിലയില്‍ കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് അദ്ദേഹം നല്‍കിയ സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടും.' വിത്സണ്‍ ജോര്‍ജ് തന്റെ അനുശോചന പ്രഭാഷണത്തില്‍ പറഞ്ഞു. വര്‍ഗീയതക്കും ഫാസിസത്തിനും എതിരേ പോരാടുന്ന ജനാധിപത്യ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് എന്നും വഴിവിളക്കായിരിക്കും അനന്തമൂര്‍ത്തിയുടെ ജീവിതം എന്നും വിത്സണ്‍ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

കേരള വിഭാഗം കണ്‍വീനര്‍ രജിലാല്‍ കൊക്കാടന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സാഹിത്യവിഭാഗം കോര്‍ഡിനേറ്റര്‍ സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞു. അടിയന്തിരാവസ്ഥ കാലത്തെ ഫാസിസത്തെ സ്മരിച്ചു കൊണ്ട് ഇനിയുമൊരു ഫാസിസ്റ് ഭരണകൂടം ഭാരതത്തില്‍ അധികാരത്തില്‍ വന്നാല്‍ ആ ഭാരതത്തില്‍ ജീവിക്കുവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല എന്ന അനന്തമൂര്‍ത്തിയുടെ പ്രസ്താവന ഇന്ത്യയിലെ വര്‍ഗീയവാദികളെ ഏറെ ചൊടിപ്പിച്ചിരുന്നു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം