സ്പോണ്‍സര്‍ഷിപ്പ് മാറ്റം: ആശ്രിതരായ അധ്യാപകര്‍ക്ക് ഇളവ് നല്‍കണമെന്നു സൌദി വിദ്യാഭ്യാസ മന്ത്രി
Saturday, August 23, 2014 5:17 AM IST
ദമാം: സ്വകാര്യ സ്കൂളുകളിലും ഇന്റര്‍ നാഷണല്‍ സ്കൂളുകളിലും ജോലി ചെയ്യുന്ന വിദേശികളുടെ ആശ്രിതരായ അധ്യാപകര്‍ക്ക് ഇളവ് നല്‍കണമെന്ന് സൌദി വിദ്യാഭ്യാസാ മന്ത്രി ഖാലിദ് ഫൈസല്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു.

വിദേശികളുടെ ആശ്രിതരായാ അധ്യാപകര്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് മാറ്റുന്നതിന് പകരം വിദ്യാഭ്യാസ മന്ത്രാലയം നല്‍കുന്ന ലൈസന്‍സ് മാത്രം ഉപയോഗിച്ച് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാഭ്യാസ മന്ത്രി തൊഴില്‍ മന്ത്രി എന്‍ജി ആദില്‍ ഫക്കിക്ക് കത്തയച്ചത്.

സൌദിയിലെ സ്വകാര്യ സ്കൂളുകളധികൃതര്‍ ആശ്രിതരായ അധ്യാപകരുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം ആവശ്യപ്പെട്ടതായി അധ്യാപികമാര്‍ വിദ്യാഭ്യാസ വകുപ്പിനോട് പരാതിപ്പെട്ടതിനാലാണ് വിദ്യാഭ്യാസ മന്ത്രി തന്നെ വിഷയത്തില്‍ ഇടപ്പെട്ടത്.

തൊഴില്‍ മന്ത്രാലയത്തിന്റെ പരിശോധന വേളയില്‍ സ്വന്തം സ്പോണ്‍സറിന് കീഴിലല്ലാതെ ജോലി ചെയ്യുന്നതിന്റെ പേരില്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നുള്ള നടപടികള്‍ ഭയന്നാണ് സ്വകാര്യ സ്കൂളധികൃതര്‍ ആശ്രിതരായ അധ്യാപകരുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം ആവശ്യപ്പെടുന്നത്.

വാര്‍ഷികാവധിക്കുശേഷം സ്കൂളുകള്‍ ആരംഭിക്കാനിരിക്കെ ഈ വിഷയത്തില്‍ തീരുമാനമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് സൌദിയിലെ സ്വകാര്യ സ്കൂള്‍ അധികൃതരും ഇവിടെ ജോലി ചെയ്യുന്ന അധ്യാപികമാരും.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം