ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിലായ മലയാളികളുടെ പ്രശ്നത്തിന് പരിഹാരമാകുന്നു
Thursday, August 21, 2014 8:29 AM IST
റിയാദ്: നാലുമാസം മുമ്പ് നാട്ടില്‍ നിന്നെത്തി ജോലിയും കൂലിയുമില്ലാതെ ദുരിതത്തിലായ 13 മലയാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നു. റിയാദിലെ ഫഹദ് അല്‍ റഷീദ് മാന്‍പവര്‍ കമ്പനിയില്‍ ജോലിക്കായെത്തിയ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, തൃശൂര്‍, കാസര്‍കോഡ് ജില്ലകളില്‍ നിന്നുള്ള 13 മലയാളികളാണ് ജോലിയില്‍ സ്ഥിരതയോ കമ്പനി കരാര്‍ പ്രകാരം പറഞ്ഞ ശമ്പളമോ നല്‍കാതെ ദുരിതത്തിലാക്കിയിരുന്നത്. സാമൂഹ്യ പ്രവര്‍ത്തകരും സംഘടനകളും വിഷയത്തിലിടപെടുകയും ഇന്ത്യന്‍ എംബസിയില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. കമ്പനിക്ക് ലഭിക്കേണ്ട പ്രോജക്ട് ലഭിക്കാന്‍ കാലതാമസം നേരിട്ടതാണ് എല്ലാ വിഷയങ്ങള്‍ക്കും കാരണമായതെന്ന് പറഞ്ഞ കമ്പനി മാനേജ്മെന്റ് കഴിഞ്ഞ ദിവസം എല്ലാ തൊഴിലാളികള്‍ക്കും ആയിരം റിയാല്‍ വീതം നാല് മാസത്തെ ശമ്പളം നല്‍കി. കരാര്‍ പ്രകാരമുള്ള ശമ്പളത്തേക്കാള്‍ 200 റിയാല്‍ വീതം അധികം നല്‍കിയ കമ്പനി അടുത്ത മാസം മുതല്‍ വീണ്ടും 200 റിയാല്‍ കൂട്ടി നല്‍കാമെന്ന് പറഞ്ഞതായി തൊഴിലാളികള്‍ പറഞ്ഞു. എക്സിറ്റ് അടിച്ച് നാട്ടിലേക്ക് തിരിച്ച് പോകണമെന്നത് ഉപേക്ഷിച്ച അവര്‍ കമ്പനിയുടെ വിവിധ പ്രോജക്ടുകളില്‍ തിങ്കളാഴ്ച മുതല്‍ ജോലിക്കു പോയിത്തുടങ്ങും. എന്നാല്‍ അമ്മക്ക് അസുഖമാണെന്ന കാരണത്താല്‍ തിരിച്ചു പോകാണമെന്ന് പറഞ്ഞ കണ്ണൂര്‍ സ്വദേശി സതീശിന് കമ്പനി എക്സിറ്റ് അടിച്ചു നല്‍കി. സതീശ് കഴിഞ്ഞ ദിവസം നാട്ടിലേക്ക് പോയതായി കൂടെയുള്ളവര്‍ പറഞ്ഞു.

കോഴിക്കോട്ടെ ഒരു ട്രാവല്‍ ഏജന്‍സി മുഖേന 68,000 രൂപയും അതിലധികവും നല്‍കിയാണ് ഇവര്‍ വീസ സംഘടിപ്പിച്ചത്. കോഫി ഷോപ്പുകളിലെ ജോലിക്കായി 800 റിയാല്‍ ശമ്പളവും 200 റിയാല്‍ ഭക്ഷണത്തിനും ഓവര്‍ ടൈമും വാഗ്ദാനം ചെയ്തായിരുന്നു അവരെ കൊണ്ടു വന്നത്. മാര്‍ച്ച് 23 ന് റിയാദിലെത്തിയ ഇവര്‍ക്ക് കമ്പനി നല്‍കിയ വാഗ്ദാനങ്ങളൊന്നും ലഭ്യമാക്കിയിരുന്നില്ല. കരാര്‍ പ്രകാരമുള്ള ജോലിയോ ഭക്ഷണമോ ശമ്പളമോ നല്‍കാതിരുന്ന ഇവരുടെ ദുരിതമറിഞ്ഞ് നവോദയ റിയാദ്, ഐസിഎഫ് തുടങ്ങിയ സംഘടനകളുടെ പ്രതിനിധികള്‍ വിവിധ ഘട്ടങ്ങളില്‍ സഹായവുമായെത്തിയിരുന്നു.

നാട്ടില്‍ നിന്നെത്തി മൂന്നാഴ്ചക്കകം തന്നെ ഇവര്‍ക്ക് കമ്പനി ഇഖാമ എടുത്ത് നല്‍കിയിരുന്നു. ഇനിയും നാട്ടിലേക്ക് പോകണമെന്ന് വാശി പിടിക്കുന്നവര്‍ കമ്പനിക്ക് ചെലവായ 9000 റിയാല്‍ കെട്ടിവച്ചാല്‍ എക്സിറ്റ് അടിച്ച് നല്‍കാമെന്നാണ് മാനേജ്മെന്റിന്റെ നിലപാട്. കാസര്‍ഗോട് സ്വദേശി ഷംസുദ്ദീന്‍ ഇങ്ങനെ 9000 റിയാല്‍ അടച്ച് നാട്ടില്‍ പോകാന്‍ തീരുമാനിച്ചിരിക്കയാണ്. ബാക്കി എല്ലാവരും കമ്പനിയുടെ കീഴില്‍ തുടര്‍ന്ന് ജോലി ചെയ്യാന്‍ തീരുമാനിച്ചതായി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍