കാതോലിക്കാ ബാവായുടെ അമേരിക്കന്‍ ശ്ളൈഹിക സന്ദര്‍ശനം സെപ്റ്റംബറില്‍
Tuesday, August 19, 2014 4:40 AM IST
ന്യൂയോര്‍ക്ക്: മലങ്കര സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മര്‍ത്തോമ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ സെപ്റ്റംബര്‍ 17ന് അമേരിക്കയില്‍ എത്തുന്നു.

1979 ല്‍ സ്ഥാപിതമായ അമേരിക്കന്‍ ഭദ്രാസങ്ങളിലേക്ക് കാതോലിക്കാ നിധി ശേഖരണവുമായി ബന്ധപ്പെട്ട് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ കാതോലിക്കാ ബാവാ നേരിട്ട് എഴുന്നള്ളുകയാണ് ഈ സെപ്റ്റംബറില്‍. ഇരു ഭദ്രാസങ്ങളിലും രണ്ടു സ്ഥലങ്ങളിലായി ഭദ്രാസന മെത്രാപോലീത്താമാരുടെ നേതൃത്വത്തില്‍ എല്ലാ ഇടവകകളില്‍ നിന്നും ചുമതലക്കാര്‍ തങ്ങളുടെ കാതോലിക്കാ നിധി ശേഖരണം കൈമാറും. കാതോലിക്കാ നിധി ശേഖരണത്തിനു കേരളത്തിലെ മെത്രാസനങ്ങളില്‍ കാതോലിക്കാ ബാവാ ശ്ളൈഹിക സന്ദര്‍ശം നടത്തുന്ന പതിവ് പരിശുദ്ധ ബസേലിയോസ് മര്‍ത്തോമ മാത്യുസ് പ്രഥമന്‍ ബാവായുടെ കാലത്ത് ആരംഭിച്ചെങ്കിലും അമേരിക്കയില്‍ 35 വര്‍ഷങ്ങള്‍ക്കുശേഷം ഇതാദ്യമാണ്. അതുകൊണ്ട് തന്നെ ഈ സന്ദര്‍ശത്തിനു ഏറെ പ്രാധാന്യമുണ്ട്.

പരിശുദ്ധ കാതോലിക്ക ബാവായുടെ ശ്ളൈഹിക സന്ദര്‍ശനം അമേരിക്കയിലെ രണ്ടു ഭദ്രാസനങ്ങളിലുമായി 15 ദിവസം നീളും. സന്ദര്‍ശനത്തിനിടയില്‍ സൌത്ത്-വെസ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ അറ്റ്ലാന്റ സെന്റ് മേരീസ്, ഓര്‍ലാന്റോ സെന്റ് മേരീസ് എന്നീ ദേവാലയങ്ങളുടെ കൂദാശയ്ക്കും നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ വാഷിംഗ്ടണ്‍ ഡിസി, സില്‍വര്‍ സ്പ്രിംഗ് സെന്റ് തോമസ് ഓര്‍ത്തോഡോക്സ് ദേവാലയത്തിന്റെ ഗോള്‍ഡന്‍ ജൂബിലിക്കും കാതോലിക്കാ ബാവാ നേതൃത്വം നല്‍കും.

നിരണം ഭദ്രാസനാധ്യക്ഷന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപോലീത്താ, അല്‍മായ ട്രസ്റി എം.ജി. ജോജ് മുത്തൂറ്റ്, സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, പരുമല മെഡിക്കല്‍ സെന്റര്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഫാ. ഷാജി മുകടിയില്‍ തുടങ്ങി സഭയിലെ പ്രമുഖരായ വൈദിക, അത്മായനേതാക്കന്മാരും കാതോലിക്ക ബാവയെ അനുഗമിക്കും.

മലങ്കര സഭയുടെ സൌത്ത് വെസ്റ് അമേരിക്ക, നോത്ത് ഈസ്റ് അമേരിക്ക തുടങ്ങിയ ഭദ്രാസനങ്ങളിലെ വിശ്വാസ സമൂഹത്തെ നേരില്‍ കാണുവാനും അനുഗ്രഹങ്ങള്‍ പകരുവാനുമായി എത്തുന്ന കാതോലിക്ക ബാവയ്ക്ക് സെപ്റ്റംബര്‍ 20 ന് (ശനി) ഹൂസ്റണ്‍ ഊര്‍ശ്ളേം അരമനയില്‍ സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ഭദ്രാസനത്തിന്റെ എല്ലാ ദേവാലയങ്ങളില്‍ നിന്നുമുള്ള വൈദികരും ചുമതലക്കാരും വിശ്വാസികളും ചേന്ന് ഔദ്യോഗിക വരവേല്‍പ്പ് നല്‍കും.

സെപ്റ്റംബര്‍ 25ന് ഫിലാഡല്‍ഫിയക്ക് പോകുന്ന കാതോലിക്ക ബാവ 26നു നോര്‍ത്ത്-ഈസ്റ് അമേരിക്കന്‍ ഭദ്രാസന വൈദിക സമ്മേളനത്തില്‍ പങ്കെടുക്കും. സെപ്റ്റംബര്‍ 27ന് (ശനി) നോര്‍ത്ത്-ഈസ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ഫിലാഡല്‍ഫിയ ഡെലവെയര്‍വാലി സെന്റ് ജോണ്‍സ് ദേവാലയത്തില്‍ ഭദ്രാസനത്തിന്റെ എല്ലാ ദേവാലയങ്ങളില്‍ നിന്നുമുള്ള വൈദികരും വിശ്വാസികളും ചേന്ന് ഔദ്യോഗിക വരവേല്‍പ്പ് നല്‍കും.

സെപ്റ്റംബര്‍ മൂന്നിന് കാതോലിക്ക ബാവയും സഘവും കേരളത്തിലേക്ക് മടങ്ങും.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചക്കോണം