ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെ ക്രിയാത്മകമായി പ്രതിരോധിക്കുക: പ്രഫ. ടി. എം. രവീന്ദ്രന്‍
Monday, August 18, 2014 3:48 AM IST
ദോഹ: ലോകത്ത് തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യാ സ്വാതന്ത്യ്രത്തിന്റെ അറുപത്തിയെട്ടാം പിറന്നാള്‍ ആഘോഷിക്കുമ്പോഴും അകത്തുനിന്നും പുറത്തുനിന്നുമുള്ള ശക്തമായ വെല്ലുവിളികളെ നേരിടുകയാണെന്നും ഈ വെല്ലുവിളികളെ ക്രിയാത്മകമായി പ്രതിരോധിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും കേരള മദ്യനിരോധന സമിതി ജനറല്‍ സെക്രട്ടറി പ്രഫസര്‍ ടി.എം രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. കള്‍ചറല്‍ ഫോറം ഫ്രന്റ്സ് കള്‍ചറല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്വാതന്ത്യ്രദിന പരിപാടിയില്‍ ഇന്ത്യന്‍ സ്വാതന്ത്യ്രത്തിന്റെ വര്‍ത്തമാനം എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര സമര സേനാനികളും രാഷ്ട്ര നേതാക്കളും വിഭാവനം ചെയ്ത ചേരിചേരാ സങ്കല്‍പത്തില്‍ നിന്നും രാഷ്ട്രം വ്യതിചലിക്കുന്നതുകൊണ്ടാണ് ഗസ്സയിലെ ക്രൂരമായ അധിനിവേശങ്ങളെ അപലപിക്കുവാന്‍ പോലും കഴിയാതെ പോകുന്നത്. ദാരിദ്യ്രവും നിരക്ഷരതും നിര്‍മാര്‍ജനം ചെയ്യുന്നതോടൊപ്പം കുടുസ്സായ വര്‍ഗീയ വംശീയ ചിന്തകളും ചെയ്തികളും നിരാകരിക്കേണ്ടതും ജനാധിപത്യത്തിന്റെ തേട്ടമാണ്. ന്യൂന പക്ഷ ഭൂരിപക്ഷാടിസ്ഥാനത്തിലുള്ള ധ്രുവീകരണങ്ങള്‍ക്ക് പകരം ജനാധിപത്യ മതേതര കൂട്ടായ്മകളും സംഘങ്ങളുമാണ് നമുക്കാവശ്യം.

മൂല്യങ്ങള്‍ക്ക് മാതൃകയാവുന്ന ഇന്ത്യക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഓരോരുത്തര്‍ക്കും സാധിക്കുന്ന സാഹചര്യമാണ് വേണ്ടത്. സമ്പന്നമായ ഒരു സംസ്കാരവും ശക്തമായ സാമ്പത്തിക ശേഷിയും മൂല്യങ്ങളോട് പ്രതിബദ്ധതയുമുളള ഒരു പാരമ്പര്യമായിരുന്നു ഇന്ത്യയുടേത്. കൊളോണിയല്‍ ശക്തികളുടെ വരേവോടു കൂടി അവര്‍ ഇത് തകര്‍ക്കാന്‍ ശ്രമിച്ചു. കൊളോണിയല്‍ ശക്തികളില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ച ത്യാഗിവര്യന്‍മാരായ ലക്ഷങ്ങളാണ് ഇന്ത്യക്ക് സ്വാതന്ത്യ്രം നേടിക്കൊടുത്തത്. ഈ പരിപ്രേക്ഷ്യത്തിലൂടെ സ്വാതന്ത്യ്രത്തിന്റെ വര്‍ത്തമാനം ആശങ്കകള്‍ നിറഞ്ഞതാണ്. എങ്കിലും പ്രതീക്ഷ കൈവിടാതെ മുന്നേറിയാല്‍ മാറ്റമുണ്ടാകുമെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്ന് അദ്ദേഹം പറഞ്ഞു.

സ്വാത്രന്ത്യത്തിന്റെ ഏഴ് പതിറ്റാണ്ടിലേക്ക് അടുക്കുമ്പോഴും നമ്മുടെ സ്വാതന്ത്ര സമര നേതാക്കളും സേനാനികളും സ്വപ്നം കണ്ട ഒരു രാജ്യമായി മാറാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്േടാ എന്ന ആത്മ പരിശോധന നാം നടത്തണം. ഒരു കുടം വെളളത്തിനു വേണ്ടി കിലോമീറ്ററുകള്‍ താണ്ടുന്ന അമ്മമാര്‍ ജീവിക്കുന്ന ദരിദ്രഗ്രാമങ്ങളാണ് ഇന്നും നമ്മുടേത്. വിദ്യാലയങ്ങളുടെ പടി കാണാതെ ബാലവേല ചെയ്യേണ്ടിവരുന്ന ലക്ഷകണക്കിന് കുട്ടികള്‍ ഇപ്പോഴും നമ്മുടെ രാജ്യത്തുണ്ട്. ലോകത്തിന്റെ ദുഖത്തോട് പ്രതികരിക്കുന്ന മനസ്സായിരുന്നു ഇന്ത്യയുടേത്. ഇസ്രായേല്‍ ഗസ്സയിലെ കുഞ്ഞുങ്ങളെ കൊന്നൊടുക്കിയപ്പോള്‍ ലോകം മൌനം പാലിച്ചു. ഇന്ത്യയും ഈ മൌനം തന്നെ സ്വീകരിക്കുകയായിരുന്നു. എന്നാല്‍ അധിനിവേശ ശക്തികളുടെ ദാസന്‍മാരായി കഴിയേണ്ട ഗതികേട് ഇന്ത്യക്കില്ലെന്നും നമ്മുടെ സ്വാതന്ത്രസമരസേനാനികളുടെ സ്വപ്നങ്ങളോട് കാണിക്കുന്ന കടുത്ത വഞ്ചനയാണ് ഈ മൌനമെന്നും പ്രൊഫസര്‍ ടി.എം രവീന്ദ്രന്‍ പറഞ്ഞു.

മറ്റുളളവരുടെ ദുഖങ്ങള്‍ ഏറ്റെടുക്കാന്‍ മനസ്സുളള നേതാക്കള്‍ കുറഞ്ഞുവരുന്നതാണ് വര്‍ത്തമാന ഇന്ത്യ നേരിടുന്ന പ്രധാന വെല്ലിവിളിയെന്ന് ചടങ്ങില്‍ സംസാരിച്ച കേരള മദ്യനരോധന സമിതി വനിതവിഭാഗം അധ്യക്ഷ പ്രൊഫസര്‍ ഒ.ജെ. ചിന്നമ്മ പറഞ്ഞു.
ഗാന്ധിജിയുടെ പതിനെട്ടന പരിപാടിയിലെ ഒരു അജണ്ടയായിരുന്നു മദ്യനിരോധനമെന്നും ഈ രംഗത്തും കൂട്ടായി പ്രവര്‍ത്തിക്കുവാന്‍ എല്ലാവിഭാഗം ജനങ്ങളും മുന്നോട്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു.

വിവിധ മേഖലകളില്‍ ഇന്ത്യക്ക് സ്വയം പര്യാപ്തത നേടി എടുക്കാന്‍ കഴിഞ്ഞെങ്കിലും ഇന്ത്യന്‍ ജനാധിപത്യം ഇന്നും വെല്ലുവിളി നേരിടുകയാണെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് എം,എം മൊഹ്യുദ്ധീന്‍ പറഞ്ഞു. സമുദായിക ധ്രുവീകരണവും കോര്‍പ്പറേറ്റ് ഇടപെടലുമാണ് ജനാധിപത്യം നേരിടുന്ന വെല്ലുവിളിയെന്നും ഇതിനെതിരെ നാം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പരിപാടിയില്‍ മുന്‍ജിബ ആന്റ് പാര്‍ട്ടി ദേശഭക്തി ഗാനം ആലപിച്ചു. കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി റോണി മാത്യു സ്വാഗതവും വൈസ് പ്രസിഡന്റ് റജീന അലി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അമാനുല്ല വടക്കാങ്ങര