കുവൈറ്റ് മെട്രോ പദ്ധതി മൂന്ന് റെയില്‍റോഡുകളിലായി 61 സ്റേഷനുകള്‍
Thursday, August 14, 2014 6:24 AM IST
കുവൈറ്റ് സിറ്റി: രാജ്യത്തെ ഗതാഗത സംവിധാനത്തിന്റെ മുഖഛായ തന്നെ മാറ്റിമറിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന കുവൈറ്റ് മെട്രോ റെയില്‍ പദ്ധതിയിലെ സ്റേഷനുകളുടെ രൂപരേഖ പൂര്‍ത്തിയായി.

രാജ്യത്തെ ആറ് ഗവര്‍ണറേറ്റുകളിലുടെയും കടന്നുപോകുന്ന മൂന്ന് റെയില്‍റോഡുകളിലായി 61 സ്റേഷനുകളാണുണ്ടാവുകയെന്ന് പദ്ധതിയുടെ ചുമതലയുള്ള വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു. സല്‍വയില്‍നിന്ന് തുടങ്ങി കുവൈറ്റ് യൂണിവേഴ്സിറ്റിയില്‍ അവസാനിക്കുന്ന 23.7 കിലോമീറ്റര്‍ റെയില്‍റോഡില്‍ 19 സ്റേഷനുകളും ഹവല്ലിയില്‍ തുടങ്ങി കുവൈറ്റ് സിറ്റിയില്‍ തീരുന്ന 21 കിലോമീറ്റര്‍ റെയില്‍റോഡില്‍ 27 സ്റേഷനുകളും വിമാനത്താവളത്തില്‍നിന്ന് അബ്ദുള്ള അല്‍മുബാറക് വരെയുള്ള 24 കിലോമീറ്റര്‍ റെയില്‍റോഡില്‍ 15 സ്റേഷനുകളുമാണുണ്ടാവുക.

ദുബൈ മെട്രോയുടെ വിജയക്കുതിപ്പിന്റെ പശ്ചാത്തലത്തിലാണ് കുവൈറ്റും മെട്രോ റെയില്‍പാത യഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയത്. രാജ്യത്ത് അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമെന്ന നിലക്കാണ് മെട്രോ റെയില്‍ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ജനവാസകേന്ദ്രങ്ങളിലെ യാത്രാ സൌകര്യം മുന്‍നിര്‍ത്തിയാണ് പദ്ധതിയുടെ ആസൂത്രണം. ഇതോടൊപ്പം ചരക്കുനീക്കവും ദീര്‍ഘദൂര യാത്രയും ലക്ഷ്യമിട്ട് അയല്‍രാജ്യങ്ങളിലേക്ക് നീളുന്ന മൊറ്റൊരു റെയില്‍പാത നിര്‍മിക്കാനും പദ്ധതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട പഠനങ്ങളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിര്‍ത്തികളെയും തുറമുഖങ്ങളെയും ബന്ധിപ്പിച്ചുള്ള ദീര്‍ഘദൂര റെയില്‍പാത പിന്നീട് അതിര്‍ത്തിക്കപ്പുറത്തേക്ക് നീട്ടി ജിസിസി റെയില്‍ പദ്ധതിയുടെ ഭാഗമാക്കും.

രാജ്യം നിലവില്‍ അഭിമുഖീകരിക്കുന്ന ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഏറെ സഹായകമാവും കുവൈറ്റ് മെട്രോപൊളിറ്റന്‍ റാപിഡ് ട്രാന്‍സിസ്റ് സിസ്റം പ്രോജക്ട് (കെഎംആര്‍ടിപി) എന്ന മെട്രോ പദ്ധതിയെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ പാര്‍ട്ണര്‍ഷിപ്പ് ടെക്നിക്കല്‍ ബ്യൂറോ (പിടിബി) ആണ് പബ്ളിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് (പിപിപി) അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍