ഇന്ത്യന്‍ സ്വാതന്ത്യ്രദിന പരേഡില്‍ ഫോക്കാന പങ്കെടുക്കുന്നു
Wednesday, August 13, 2014 6:31 AM IST
ന്യൂയോര്‍ക്ക്: ഇന്ത്യയുടെ 68-ാമത് സ്വാതന്ത്യ്രദിന പരേഡില്‍ അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടന ആയ ഫൊക്കാന നൂറില്‍പരം പ്രതിനിധികളുമായി പങ്കെടുക്കുവാന്‍ തീരുമാനിച്ചതായി പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, ജനറല്‍ സെക്രട്ടറി വിനോദ് കെ.ആര്‍.കെ, ട്രഷറര്‍ ജോയ് ഇട്ടന്‍ എന്നിവര്‍ അറിയിച്ചു.

അംഗ സംഘടനകളെ പ്രതിനിധീകരിച്ചും ഡെലിഗേറ്റുകളെ അയയ്ക്കുമെന്ന് ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപള്ളില്‍, എക്സിക്യൂട്ടീവ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.

ഫോക്കാന വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ കേരളീയ വേഷം അണിഞ്ഞ മലയാളി മങ്കമാര്‍ താലപൊലിയും ത്രിവര്‍ണ പതാകയുമായി ഘോഷയാത്രക്ക് മികവു കൂട്ടുമെന്ന് വിമന്‍സ് ഫോറം ചെയര്‍ ലീല മാരേട്ട് പറഞ്ഞു.

ഫോക്കാന ന്യൂയോര്‍ക്ക് റീജിയന്റെ നേതൃത്വത്തില്‍ ചെണ്ടമേളം, ഭാരതാംബയുടെ പ്രതിരൂപം എന്നിവ ലൈസി അലക്സിന്റെ നേതൃത്വത്തില്‍ അണിഞ്ഞൊരുങ്ങുന്നു. ഫൊക്കാനയുടെ യുവജന വിഭാഗവും പങ്കെടുക്കും. കേരളത്തിന്റെ തനതായ കലാരൂപങ്ങളും ഘോഷയാത്രയെ അനുഗമിക്കും.

വെസ്റ്ചെസ്റര്‍, റോക്ക് ലാന്‍ഡ്, ലോംഗ് ഐലന്റ്, ക്വീന്‍സ്, ബ്രോങ്ക്സ്, ന്യൂജേഴ്സി എന്നിവിടങ്ങളില്‍ നിന്നു യാത്രാ സൌകര്യം ഒരുക്കിയിട്ടുള്ളതായി വിനോദ് കെ.ആര്‍.കെ, പോള്‍ കറുകപള്ളില്‍, ഫിലിപ്പോസ് ഫിലിപ്പ്, ന്യൂയോര്‍ക്ക് റീജിയണല്‍ വൈസ് പ്രസിഡന്റ് ജോസ് കാനാട്ട് എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു.

സ്വാതന്ത്യ്ര ദിനാഘോഷത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ മലയാളി കുടുംബാംഗങ്ങളെയും ഒരിക്കല്‍ കൂടി സ്വാഗതം ചെയ്യുന്നതായും എല്ലാവരുടെയും സഹായ സഹകരണങ്ങളും അഭ്യര്‍ഥിക്കുന്നതായും സംഘാടകര്‍ പറഞ്ഞു.