ഒഐസിസിയുടെ പ്രവര്‍ത്തനത്തില്‍ നേതാക്കള്‍ക്ക് തൃപ്തി: റിയാദ് സെന്‍ട്രല്‍ കമ്മിറ്റി
Tuesday, August 12, 2014 7:59 AM IST
റിയാദ്: ഒഐസിസിയുടെ പ്രവര്‍ത്തനത്തില്‍ യാതൊരു പന്തികേടുമില്ലെന്നും ഇതില്‍ കെപിസിസി പ്രസിഡന്റടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പരിപൂര്‍ണ തൃപ്തരാണെന്നും ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റിന് ഒഐസിസിയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തിയുണ്െടന്ന രീതിയില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് വിശദീകരിച്ച് സെന്‍ട്രല്‍ കമ്മിറ്റി ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇപ്രകാരം പറയുന്നത്. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയെ അവമതിക്കുന്നതിനും പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതിനുമായി ചില കേന്ദ്രങ്ങള്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം വാര്‍ത്തകളെന്ന് വാര്‍ത്താക്കുറിപ്പില്‍ തുടര്‍ന്നു പറഞ്ഞു.

റിയാദിലെ മെംബര്‍ഷിപ്പ് തുക പൂര്‍ണമായും കെപിസിസിയില്‍ ലഭിച്ചിട്ടുള്ളതായി ഒഐസിസിയുടെ ചാര്‍ജുള്ള കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യം ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. മെംബര്‍ഷിപ്പ് കാര്‍ഡുകള്‍ പെട്ടെന്ന് ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. മറ്റ് പ്രവിശ്യകളിലെ മെംബര്‍ഷിപ്പ് വിതരണത്തിനുള്ള ഒരുക്കങ്ങളും കെപിസിസി ആസ്ഥാനത്ത് പൂര്‍ത്തിയായി വരുന്നതേയുള്ളു. ഇത് പൂര്‍ത്തിയായാല്‍ റിയാദ് അടക്കമുള്ള എല്ലാ പ്രവിശ്യകളിലും മെംബര്‍ഷിപ്പ് വിതരണം നടക്കും.

കഴിഞ്ഞ തവണ 4000 അംഗങ്ങളെ റിയാദില്‍ നിന്നും അംഗങ്ങളായി ചേര്‍ത്തു എന്നത് അടിസ്ഥാനരഹിതമാണ്. ഇത്തവണ മെംബര്‍ഷിപ്പ് എടുത്ത എല്ലാവര്‍ക്കും കെപിസിസിയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭ്യമാകും. ജിദ്ദയില്‍ മരണപ്പെട്ട പത്തനംതിട്ട സ്വദേശിയുടെ ആശ്രിതര്‍ക്ക് കഴിഞ്ഞ ദിവസം മൂന്നു ലക്ഷം രൂപ പത്തനംതിട്ട ഡിസിസി ഓഫീസില്‍ വിതരണം ചെയ്തിരുന്നു. റിയാദിലെ മെംബര്‍ഷിപ്പ് വിതരണം സുതാര്യമായി തന്നെ നടക്കുമെന്ന് സെന്‍ട്രല്‍ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ ഉറപ്പു നല്‍കി.

സംഘടനാ തെരഞ്ഞെടുപ്പ് വിഷയത്തിലും റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയില്‍ യാതൊരു അനിശ്ചിതത്വവും നിലവിലില്ല. മേയില്‍ ചേര്‍ന്ന ഒഐസിസി നിര്‍വാഹക സമിതി യോഗത്തില്‍ ഏകകണ്ഠേന എടുത്ത തീരുമാനപ്രകാരമാണ് സെപ്റ്റംബര്‍ ആദ്യവാരത്തിലേക്ക് തെരഞ്ഞെടുപ്പ് മാറ്റി വച്ചത്. പ്രധാന പ്രവര്‍ത്തകരെല്ലാം അവധിയിലായതിനാലാണിത്. സെപ്റ്റംബര്‍ ആദ്യവാരം ജില്ലാ കമ്മിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടിക്രമങ്ങളുമായി സെന്‍ട്രല്‍ കമ്മിറ്റി മുന്നോട്ട് പോവുകയാണ്. റിട്ടേണിംഗ് ഓഫീസര്‍മാരെ ഉടനെ നിയമിക്കും. ഒഐസിസി ഗ്ളോബല്‍ കമ്മിറ്റിയുടെ അനുമതി വാങ്ങിയശേഷമാണ് സെപ്റ്റംബറില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ഒഐസിസിയുടെ സ്വാതന്ത്യ്രദിനാഘോഷങ്ങള്‍ ഓഗസ്റ് 15 ന് ഷിഫാ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടക്കും. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും ഈ ചടങ്ങില്‍ പങ്കെടുക്കാവുന്നതാണ്. റിയാദില്‍ നിലവില്‍ ഒരൊറ്റ ഒഐസിസി മാത്രമാണ് നിലവിലുള്ളത്. അത് സി.എം കുഞ്ഞി കുമ്പള പ്രസിഡന്റായ സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴിലുള്ളതാണ്. ഇതിനു വിരുദ്ധമായി വിമത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുമായി കൂടിയാലോചിച്ച് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകേണ്ട ആവശ്യം സെന്‍ട്രല്‍ കമ്മിറ്റിക്കില്ലെന്നും ചിലരുടെ ഭാവനാ വിലാസങ്ങള്‍ക്കനുസരിച്ചുള്ള വാര്‍ത്തകളില്‍ വിശ്വാസമര്‍പ്പിക്കാതെ ഒറ്റക്കെട്ടായി ഒഐസിസിയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ എല്ലാ പ്രവര്‍ത്തകരും തയാറാകണമെന്നും വാര്‍ത്താക്കുറിപ്പില്‍ ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാട്