അമൃത ടിവിയുടെ ബോം ടിവി /മലയാളം ഐപിടിവിയിലുള്ള ലോഞ്ചിംഗ് സുരേഷ് ഗോപി നിര്‍വഹിച്ചു
Monday, August 11, 2014 7:59 AM IST
വാഷിംഗ്ടണ്‍ ഡിസി: ഐപിടിവിയുടെ സാങ്കേതിക മികവിലൂടെ മലയാളം ചാനലുകള്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകരില്‍ എത്തിക്കുന ബോം ടിവി/മലയാളം ഐപിടിവി പ്ളാറ്റ്ഫോമിലൂടെ അമൃത ടിവിയും ഇനി ലഭിക്കും. ഇതിന്റെ ഔപചാരികമായ ലോഞ്ചിംഗ് അമേരിക്കയില്‍ മലയാളത്തിന്റെ പ്രിയ നടന്‍ സൂപ്പര്‍ സ്റാര്‍ സുരേഷ് ഗോപി നിര്‍വഹിച്ചു.

ചടങ്ങില്‍ കെപിസിസി ജനറല്‍ സെക്രട്ടറി പി.സി. വിഷ്ണുനാഥ്, പിന്നണി ഗായകന്‍ ജി. വേണുഗോപാല്‍, ഉദിത് ചെതന്യജി, മണ്ണടി ഹരി, എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് രമേശന്‍ പിള്ള, ജനറല്‍ സെക്രട്ടറി സുധാ കര്‍ത്താ, കണ്‍വന്‍ഷന്‍ ചെയര്‍ സനില്‍ ഗോപി, മുന്‍ പ്രസിഡന്റ് മന്മഥന്‍ നായര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

വാഷിംഗ്ടണില്‍ നടന്ന എന്‍എസ്എസ് നോര്‍ത്ത് അമേരിക്കയുടെ പ്രൌഡ ഗംഭീരമായ നായര്‍ സംഗമ വേദിയില്‍ വച്ചാണ് ആത്മീയതക്കു പ്രധാന്യം നല്‍കി മൂല്യവത്തായ ജീവിതം നയിക്കാന്‍ സഹായിക്കുന്ന അമൃത ടിവിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം സുരേഷ് ഗോപി നിര്‍വഹിച്ചത്.

അതോടൊപ്പം അമൃത ടിവി ചാനല്‍ ഉള്‍പ്പെടെ 44 ചാനലുകള്‍ ഉള്‍പ്പെടുന്ന ബോം ടിവി മലയാളം/ഐപിടിവിയുടെ 'യു എം' ബോക്സ് സുരേഷ് ഗോപി ചടങ്ങില്‍ സംഗമത്തിന്റെ പേട്രണ്‍ മന്മഥന്‍ നായര്‍ക്ക് നല്‍കി. തുടര്‍ന്നു പ്രസസ്ത പിന്നണി ഗായകന്‍ വേണുഗോപാല്‍ ഒരു 'യു എം' ബോക്സ് എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് രമേശന്‍ പിള്ളക്കു നല്‍കി.