ഡോ. നിഷാ പിള്ളയെ ആദരിച്ചു
Friday, August 8, 2014 8:09 AM IST
ന്യൂയോര്‍ക്ക്: കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലമായി അമേരിക്കന്‍ മലയാളി സമൂഹത്തിലും വൈദ്യശാസ്ത്ര രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തും വൈജ്ഞാനിക പ്രഭാഷണ വേദികളിലും വ്യക്തിമുദ്ര പതിപ്പിച്ച കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.എച്ച്.എന്‍.എ) യുടെ വനിതാ വിഭാഗം അധ്യക്ഷ ഡോ. നിഷാ പിള്ളയെ കെഎച്ച്എന്‍എ മിഷിഗണ്‍ പ്രവര്‍ത്തക സമിതി ആദരിച്ചു.

ന്യൂയോര്‍ക്കിലെ പ്രമുഖ ഹൃദ്രോഗ വിദഗ്ധയെന്ന നിലയില്‍ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും കരസ്ഥമാക്കിയ ഡോ. നിഷ ഔദ്യോഗിക തിരക്കിനിടയിലും സമൂഹത്തിന്റെ വേദനകള്‍ തൊട്ടറിഞ്ഞ് ആശ്വാസകരങ്ങളുമായി കേരളത്തിലും, അമേരിക്കന്‍ വന്‍കരയിലും ഓടിയെത്തുന്ന ഒരു മനുഷ്യസ്നേഹിയാണെന്ന് ചടങ്ങില്‍ സംസാരിച്ച കെഎച്ച്എന്‍എ വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ കഴിഞ്ഞ സ്കൂള്‍ വര്‍ഷാരംഭദിനത്തില്‍ കാലിച്ചാക്കുകളും ടാര്‍പോളിനുംകൊണ്ട് നിര്‍മ്മിച്ച നനഞ്ഞൊലിഞ്ഞ ചെറ്റക്കുടിലില്‍, സ്കൂളില്‍ പോകാന്‍ നിവൃത്തിയില്ലാതെ, ചലനശേഷി നഷ്ടപ്പെട്ട അമ്മയെ ശുശ്രൂഷിക്കുന്ന ആറാം ക്ളാസുകാരി ഗോപികയുടെ കരളലയിപ്പിക്കുന്ന വാര്‍ത്ത മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരിച്ചിരുന്നു. പഞ്ചായത്ത് കമ്മിറ്റിയുടെ സഹകരണത്തോടെ ഗോപികയ്ക്ക് ഒരു വീട് നിര്‍മിക്കാനും ആ കുരുന്നിന്റെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുക്കാനും അമേരിക്കയില്‍ നിന്നെത്തിയ നിഷാ പിള്ള നല്‍കിയ നേതൃത്വം മലയാളികളുടെ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കേരളത്തിലെ വിവിധ അനാഥാലയങ്ങളുടേയും സാധുജന സംരക്ഷണ കേന്ദ്രങ്ങളുടേയും ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിഷയുടെ സഹായവും സാന്നിധ്യവും നിറഞ്ഞു നില്‍ക്കുന്നതു കാണാം.

ജന്മനാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകുന്നതിനുവേണ്ടി ഔദ്യോഗിക മേഖല തന്നെ കേരളത്തിലേക്ക് മാറ്റുന്ന ഡോക്ടര്‍ക്കുള്ള ഒരു യാത്രയയപ്പ് വേദികൂടിയായിരുന്നു മിഷിഗണിലെ ഫാര്‍മിംഗ്ടണ്‍ ഹില്‍സില്‍ സംഘടിപ്പിച്ച സൌഹൃദസദസ്. തദവസരത്തില്‍ കെഎച്ച്എന്‍എ ട്രസ്റി ബോര്‍ഡ് അംഗം രാധാകൃഷ്ണന്‍ പ്രശംസാപത്രവും ഫലകവും സമ്മാനിച്ചു. നിഷയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസ അര്‍പ്പിച്ചുകൊണ്ട് ഡയറക്ടര്‍ രാജേഷ് കുട്ടി, ദേശീയ വനിതാ ഫോറം അംഗം രമ്യാകുമാര്‍, മിഷിഗണ്‍ ശാഖാ വൈസ് പ്രസിഡന്റ് പ്രസന്നാ മോഹന്‍, സെക്രട്ടറി അനില്‍ കേളോത്ത്, കേരളത്തില്‍ നിന്നെത്തിയ സാമൂഹ്യ പ്രവര്‍ത്തകനായ ഒ.പി.ആര്‍ കുട്ടി എന്നിവര്‍ പ്രസംഗിച്ചു. സുരേന്ദ്രന്‍ നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം