ഇസ്രായേലിനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കണം: കെഎംസിസി
Monday, August 4, 2014 7:47 AM IST
ജിദ്ദ: എല്ലാ അന്താരാഷ്ട്ര മര്യാദകളും വെടിനിര്‍ത്തലുകളും ലംഘിച്ചുകൊണ്ട് കാലങ്ങളായി പാസ്തീനെതിരെ ക്രൂരമായ നരഹത്യ നടത്തികൊണ്ടിരിക്കുന്ന ഇസ്രായേലിനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കാന്‍ അന്താരാഷ്ട്ര സമൂഹം തയാറാകണമെന്ന് ജിദ്ദാ മലപ്പുറം ജില്ലാ കെഎംസിസി എക്സിക്യുട്ടീവ് ആവശ്യപ്പെട്ടു.

അഭയാര്‍ഥി ക്യാമ്പുകളില്‍ പോലും ബോംബ് വര്‍ഷിച്ചു പാവപ്പെട്ട ഒരു ജനതയ്ക്കുനേരെ നടത്തുന്ന ഈ കുരുതിയെ അന്താരാഷ്ട്ര സമൂഹം പതിവ് അപലപിക്കല്‍ ഭാഷയില്‍ നിന്ന് മാറി ഇസ്രായേല്‍ ഉത്പന്നങ്ങളുടെ ബഹിഷ്ക്കരണത്തിലൂടെയും ശക്തമായ സമാധാനസംവിധാനത്തിലൂടെയും പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു.

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 13നും 17നും വയസിനിടയില്‍ പ്രായമുള്ള ആയിരത്തോളം കുട്ടികളെയാണ് ഇസ്രായേല്‍ കൊന്നൊടുക്കിയത്. ഗുരുതരമായ അപകടങ്ങളേറ്റ് ജീവച്ഛവങ്ങളായി മാറിയവരും അംഗവൈകല്യം സംഭവിച്ചവരുമായ ആയിരങ്ങള്‍ വേറെയും. കുട്ടികളെ മുഴുവന്‍ കൊന്നൊടുക്കി പാലസ്തീന്‍ ജനതയെ ഇല്ലാതാക്കാനാണ് ഇസ്രായേലിന്റെ വ്യാമോഹം.

നീണ്ട ബോംബുവര്‍ഷം കൊണ്ട് ക്രൂരത താണ്ഡവമാടിയ ഗാസ മരണഭൂമിയെയാണ് എവിടെ നിന്നും കേട്ട്കൊണ്ടിരിക്കുന്നത്. മനുഷ്യരും മൃഗങ്ങളും കത്തിയമര്‍ന്ന തെരുവുകളും ഗുരുതരമായി പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞ ആശുപത്രികളും കുടിവെള്ളം പോലും ലഭിക്കാതെ വീട്ടില്‍ ബന്ദികളാക്കപ്പെട്ട നിരവധി കുടുംബങ്ങള്‍ ഭക്ഷ്യവസ്തുക്കളും പാചക വാതകവുമില്ലാതെ ദുരിതം തിന്നുകഴിയുന്നവര്‍, വീടുകളും കൃഷിയിടങ്ങളും തൊഴില്‍ സ്ഥാപനങ്ങളും തകര്‍ത്തു ചാമ്പലാക്കി. വൈദ്യുതിയും ടെലഫോണുമെല്ലാം ഭാഗികമായി വിച്ഛേദിക്കപ്പെട്ട പാലസ്തീനില്‍ വാര്‍ത്താമാധ്യമങ്ങള്‍ പുനരാരംഭിക്കാന്‍ ഇനിയും കാലങ്ങളെടുക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.

ജില്ലാ കെഎംസിസി ചെയര്‍മാന്‍ സയിദ് ഉബൈദ് തങ്ങളുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഭാരവാഹികളായ പി.സി.എ റഹ്മാന്‍ (ഇണ്ണി), വി.പി. ഉനൈസ്, നാസര്‍ മച്ചിങ്ങല്‍, മജീദ് പൊന്നാനി, ലത്തീഫ് ചാപ്പനങ്ങാടി, മജീദ് അരിമ്പ്ര എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ആക്ടിംഗ് സെക്രട്ടറി ലത്തീഫ് മുസലിയാരങ്ങാടി സ്വാഗതം പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍