'മഹമ്മദ് റാഫി അര്‍ഹതക്കുള്ള അംഗീകാരം ലഭിക്കാത്ത അതുല്യ പ്രതിഭ'
Monday, August 4, 2014 7:47 AM IST
ജിദ്ദ: ജീവിച്ചിരിക്കുന്ന കാലത്തും അതിനുശേഷവും അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ ലഭിക്കാതെ പോയ അതുല്യ പ്രതിഭയായിരുന്നു അനശ്വര ഗായകന്‍ മുഹമ്മദ് റാഫി എന്ന് അഹമ്മദ് പാളയാട്ട് പറഞ്ഞു. ഗ്രന്ഥപ്പുര ജിദ്ദ സംഘടിപ്പിച്ച മുഹമ്മദ് റാഫി നൈറ്റും അനുസ്മരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനുസ്മരണ പ്രഭാഷണം സിഒടി അസീസ് നടത്തി. ഏതൊരു കലാകാരനും ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം ജനഹൃദയങ്ങളില്‍ നിന്നും ലഭിക്കുന്ന സ്വീകര്യതയാണെന്നും അങ്ങനെ നോക്കുമ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ നെഞ്ചേറ്റിയ ഗായകന്‍ മുഹമ്മദ് റാഫിയാണെന്നും അതിന്റെ ഏറ്റവും വലിയ തെളിവാണ് ഇത്തരം അനുസ്മരണ പരിപാടികള്‍ രാജ്യത്തിനു പുറത്ത് പോലും നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഭാരത രത്നം പുരസ്കാരം അദ്ദേഹത്തിനു മരണാനന്തര ബഹുമതിയായി ലഭിക്കാന്‍ അര്‍ഹതയുള്ള വ്യക്തിയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. അഭിനേതാക്കളുടെ ശബ്ദത്തോട് ഏറ്റവും കൂടുതല്‍ ആലാപന സാമ്യത മുഹമ്മദ് റാഫിയുടെ ഗാനങ്ങള്‍ക്കുണ്ടായിരുന്നുവെന്നും വിരഹം, പ്രണയം, ദുഃഖം,സന്തോഷം എന്നിങ്ങനെ ഏതു തരത്തില്‍പ്പെടുന്ന ഗാനങ്ങള്‍ ആയാലും അതിന്റെ ഭാവമുള്‍ക്കൊണ്ടുകൊണ്ട് ആലപിക്കുന്നതിലും അതീവ പ്രതിഭയായിരുന്നു അദ്ദേഹം എന്ന് ഉസ്മാന്‍ ഇരുമ്പുഴി പറഞ്ഞു.

ജാമാല്‍ പാഷ നയിച്ച റാഫി നൈറ്റില്‍ കരീം മാവൂര്‍,ഫര്‍സാന്‍ യാസിര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. മജീദ് നഹ, എം.എസ് അലി, അബ്ദുള്ള മുക്കണ്ണി, അബ്ദുറഹ്മാന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കൊമ്പന്‍ മൂസ, സുല്‍ത്താന്‍ തവന്നുര്‍, ഷാജു അത്താണിക്കല്‍, മുഹമ്മദ് കുട്ടി കൊട്ടപ്പുറം, ഷരീഫ് കാവുങ്ങല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ബഷീര്‍ തൊട്ടിയന്‍ സ്വാഗതവും ബഷീര്‍ കാഞ്ഞിരപ്പുഴ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍