ഫീനിക്സില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ മഹാമഹം
Saturday, August 2, 2014 8:08 AM IST
ഫീനിക്സ്: ഫീനിക്സ് ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തില്‍ ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭക്ത്യാദരപൂര്‍വം കൊണ്ടാടി.

ആഘോഷമായ വിശുദ്ധ കുര്‍ബാന, തിരുനാള്‍ പ്രദക്ഷിണം എന്നിവ തിരുനാള്‍ പരിപാടികളെ ഭക്തിസാന്ദ്രമാക്കി. കേരളീയ ക്രൈസ്തവ പാരമ്പര്യത്തിന്റെ ഗൃഹാതുരത്വമുണര്‍ത്തിക്കൊണ്ട് പൊന്നിന്‍ കുരിശുകളും മുത്തുക്കുടകളുമായി ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വിശുദ്ധയുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടു നടന്ന തിരുനാള്‍ പ്രദക്ഷിണം വിശ്വാസികളേവര്‍ക്കും ഒരാത്മീയാനുഭവമായി മാറി.

തിരുകര്‍മ്മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ച വികാരി ഫാ. മാത്യു മുഞ്ഞനാട്ട് ദിവ്യബലി മധ്യേ തിരുനാള്‍ സന്ദേശം നല്‍കി. ദൈവനാമത്തില്‍ അത്ഭുതങ്ങള്‍ സംഭവിച്ച് അനുഗ്രഹങ്ങള്‍ നേടുമ്പോള്‍ മനുഷ്യന്‍ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു. എന്നാല്‍ സഹനങ്ങളെ സന്തോഷപൂര്‍വം ദൈവോന്മുഖമായി സ്വീകരിക്കുന്നവരോട് ദൈവം അനുഗ്രഹദായകമാംവിധം കടപ്പെട്ടിരിക്കുകയാണ്. സഹിക്കാവുന്നതിലധികം സഹനങ്ങള്‍ മനുഷ്യന് ദൈവം നല്‍കുകയില്ല. സന്തോഷപൂര്‍വം സഹിക്കുന്നവര്‍ സ്വയം വിശുദ്ധിയുടെ പടവുകള്‍ നടന്നു കയറുന്നതിനൊപ്പം മറ്റ് ആത്മാക്കളേയും ദൈവത്തിങ്കലേക്ക് എത്തിക്കുന്നു. ദൈവത്തോട് കൂടുതല്‍ കൂടുതല്‍ സഹനങ്ങള്‍ ചോദിച്ചുവാങ്ങി ആത്മീയ നിര്‍വൃതി അനുഭവിച്ച് വിശുദ്ധയായിത്തീര്‍ന്ന അല്‍ഫോന്‍സാമ്മ ദുഃഖദുരിതങ്ങളുടെ അര്‍ഥമന്വേഷിക്കുന്ന പുതിയ തലമുറയ്ക്ക് അനുകരണീയ ക്രൈസ്തവ മാതൃകയാണെന്നും അച്ചന്‍ തിരുനാള്‍ സന്ദേശത്തില്‍ സൂചിപ്പിച്ചു.

വിശുദ്ധയുടെ രൂപം വണങ്ങല്‍, നേര്‍ച്ചവിളമ്പ് തുടങ്ങിയ പരമ്പരാഗത തിരുകര്‍മ്മങ്ങള്‍ക്കുശേഷം സ്നേഹവിരുന്നും നടന്നു. ഇടവകയിലെ അല്‍ഫോന്‍സാ വാര്‍ഡുകാരാണ് ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തിയത്. ട്രസ്റിമാരായ ടോമിച്ചന്‍, അശോക് പാട്രിക്, വാര്‍ഡ് പ്രതിനിധി ജോസി എന്നിവര്‍ തിരുനാള്‍ പരിപാടികള്‍ ഏകോപിപ്പിച്ചു. മാത്യു ജോസ് കുര്യംപറമ്പില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം