ഗ്വണ്ടാനമോ: ഒരു കുവൈറ്റിയെ കൂടി കൈമാറുന്നു
Tuesday, July 29, 2014 3:50 AM IST
കുവൈറ്റ് : അമേരിക്കയുടെ കുപ്രസിദ്ധമായ ഗ്വണ്ടാനമോ തടവറയിലെ വ്യാഴവട്ടത്തിലേറെയായി തടവില്‍ കഴിയുന്ന രണ്ട് കുവൈറ്റികളില്‍ ഒരാള്‍ ഉടന്‍ മോചിതനാവും.

2002ല്‍ ഗ്വണ്ടാനമോ തടവറയിലെത്തിയ ഫൌസി ഖാലിദ് അബ്ദുള്ള അല്‍ഔക്കാണ് (37) നീണ്ട 12 വര്‍ഷത്തിനുശേഷം മോചനത്തിനുള്ള വഴിതുറക്കുന്നത്. എന്നാല്‍, മറ്റൊരു തടവുകാരനായ ഫായിസ് മുഹമ്മദ് അഹ്മദ് അല്‍കന്ദരിയെ (37) തല്‍ക്കാലം മോചിപ്പിക്കില്ല. കഴിഞ്ഞദിവസം ചേര്‍ന്ന അമേരിക്കന്‍ പ്രതിരോധവകുപ്പിന്റെ പീരിയോഡിക് റിവ്യൂ ബോര്‍ഡാണ് ഫൌസി അല്‍ഔയെ കുവൈറ്റിന് കൈമാറാനും ഫായിസ് അല്‍കന്ദരിയുടെ തടവ് തുടരാനും തീരുമാനമെടുത്തത്. ഫൌസി അല്‍ഔ അല്‍ഖാഇദ നേതാവല്ലെന്നും ലഘുപരിശീലനം മാത്രമാണ് അഫ്ഗാനിസ്ഥാനില്‍ ലഭിച്ചതെന്നും ബോര്‍ഡ് വിലയിരുത്തിയതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ എറിക് ലൂയിസ് അറിയിച്ചു. അതേഅമയം, ഫായിസ് അല്‍കന്ദരി അല്‍ഖാഇദയുടെ ഉന്നത വൃത്തങ്ങളുമായി ബന്ധമുള്ളയാളാണെന്നും ഇപ്പോഴും തീവ്രവാദ മനസ് കാത്തുസൂക്ഷിക്കുന്നയാളുമാണെന്നാണ് ബോര്‍ഡ് നിരീക്ഷിച്ചത്. ഇതാണ് ഇയാളുടെ മോചന സാധ്യത അടച്ചത്.

അഫ്ഗാനിസ്ഥാനില്‍ താലിബാനോടൊപ്പം ചേര്‍ന്ന് തങ്ങള്‍ക്കെതിരെ പോരാടിയതിന് മറ്റു രാജ്യക്കാരോടൊപ്പം 12 കുവൈറ്റികളെയാണ് അമേരിക്കന്‍ സൈന്യം പിടികൂടി ഗ്വണ്ടനാമോ തടവറയിലെത്തിച്ചത്. എന്നാല്‍ തുടര്‍ച്ചയായി കുവൈറ്റ് നടത്തിയ സമ്മര്‍ദങ്ങളുടെ ഫലമായി ഇതില്‍ പത്ത് പേര്‍ക്ക് മോചനം ലഭിച്ചപ്പോഴും ഫായിസ് അല്‍കന്ദരി, ഫൌസി അല്‍ഔ എന്നിവരുടെ മോചനം അനിശ്ചതമായി നീളുകയായിരുന്നു. പിന്നീട് പ്രത്യേക ജനകീയ കമ്മിറ്റി രൂപവല്‍ക്കരിച്ച് അവയുടെ മേല്‍നോട്ടത്തിലാണ് ഇരുവരുടെയും മോചനം എളുപ്പമാക്കുന്നതിനുള്ള കാര്യങ്ങള്‍ മുന്നോട്ട് പോയത്. ഇതിന്റെ ഭാഗമായി ഫായിസ് അല്‍കന്ദരി, ഫൌസി അല്‍ഔ എന്നിവരെ കുറിച്ച് അഭിപ്രായം ശേഖരിക്കുന്നതിന് അമേരിക്കയില്‍നിന്ന് ബന്ധപ്പെട്ട വിഭാഗം കുവൈറ്റിലെത്തിയിരുന്നു. ആഭ്യന്തര വകുപ്പ്, ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം, ഫത്വ ബോര്‍ഡ് തുടങ്ങി കുവൈറ്റിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളും സ്ഥാപനങ്ങളുമായി അമേരിക്കയില്‍നിന്നെത്തിയ സംഘം ചര്‍ച്ചകള്‍ നടത്തിയാണ് അഭിപ്രായ രൂപീകരണം നടത്തിയത്. ഗ്വണ്ടാനമോയില്‍നിന്ന് മോചിതനായാലും ഫൌസി അല്‍ഔക്ക് കുവൈറ്റിലെ പുനരധിവാസ കേന്ദ്രത്തില്‍ കഴിയേണ്ടിവരും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍