യൂറോപ്യരുടെ റഷ്യയിലുള്ള നിക്ഷേപം സൌദിയിലേക്ക് ഒഴുകുമെന്ന് വിലയിരുത്തല്‍
Thursday, July 24, 2014 5:44 AM IST
ദമാം: സൌദി ഓഹരി വിപണിയില്‍ വിദേശ ധനകാര്യസ്ഥാപനങ്ങള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും നിക്ഷേപമിറക്കുന്നതിനും ഓഹരികള്‍ വാങ്ങിക്കുന്നതിനും സൌദി മന്ത്രിസഭാ നല്‍കിയ അനുമതി സൌദിയുടെ സാമ്പത്തിക മേഖലക്ക് കരുത്തുപകരുമെന്നാണ് വിലയിരുത്തല്‍.

ലോകത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദന രാജ്യമായ സൌദി ഓഹരി മേഖലയില്‍ വിദേശ ധനസ്ഥാപനങ്ങള്‍ക്ക് അവസരം തുറന്നു കൊടുക്കുന്ന തീരുമാനം സാമ്പത്തികരഗത്തെ തന്നെ മാറ്റിമറിച്ചേക്കുമെന്ന ചില ബ്രിട്ടീഷ് സാമ്പത്തിക വിദഗ്ധരും നിക്ഷേപകരും വിലയിരുത്തുന്നു.

സൌദി ഓഹരി വിപണിയില്‍ അര ട്രല്ല്യന്‍ ഡോളറിന്റെ നിക്ഷേപമുണ്ട്. ഓഹരി വിപണിയില മധ്യപൂര്‍വദേശത്തെ തന്നെ ഏറ്റവും കരുത്തുള്ള രാജ്യമാണ് സൌദി അറേബ്യയെന്നു പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ ഡോ. ഏലിയന്‍ ഹാന്റ് അഭിപ്രായപ്പെട്ടു.

സൌദിയില്‍ വിദേശികള്‍ക്ക് ഓഹരികള്‍ വാങ്ങിക്കുട്ടുന്നതിന് നല്‍കിയ അവസരം റഷ്യയില്‍നിന്നും യുറോപ്യന്‍ നിക്ഷേപങ്ങള്‍ സൌദിയിലേക്ക് ഒഴുകാന്‍ വഴിയൊരുക്കുമെന്ന ലോക ബാങ്ക് ഉപദേശകന്‍ ഡോ. കുലുവില്‍ ബേയ്ക്കര്‍ അഭിപ്രായപ്പെട്ടു.

വ്യക്തികള്‍ക്ക് ഓഹരികള്‍ വാങ്ങിക്കുന്നതിന് സാധ്യമല്ല. എന്നാല്‍ വ്യക്തികള്‍ ചേര്‍ന്ന് ചെറുകിട ധനകാര്യ സ്ഥാപനങ്ങളോ കോര്‍പ്പറേഷനുകളോ ആരംഭിച്ച് നിക്ഷേപങ്ങള്‍ വാങ്ങിക്കൂട്ടാന്‍ അവസരമുണ്ടാവും. അടുത്ത വര്‍ഷം മുതല്‍ക്കാണ് നിയമം പ്രാബല്യത്തില്‍ വരുക. ഇവയുടെ വിശദവിവരങ്ങള്‍ സൌദി ഓഹരി അഥോറിറ്റി പ്രസിദ്ധീകരിക്കും.

വിദേശികള്‍ക്ക് സൌദി ഓഹരി വിപണി വാങ്ങിക്കൂട്ടുന്നതിനുള്ള മന്ത്രിസഭാ തീരുമാനം സൌദി ഓഹരി വിപണിയില്‍ ഉടന്‍തന്നെ പ്രതിഫലിച്ചു ചരിത്ര നേട്ടവുമായാണ് മിക്ക ഓഹരികളും ചൊവ്വാഴ്ച ബിസിനസ് അവസാനിപ്പിച്ചത്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം