238-ാമത് സ്വാതന്ത്യ്രദിനം സമുചിതമായി ആഘോഷിച്ചു
Saturday, July 5, 2014 8:01 AM IST
വാഷിംഗ്ടണ്‍: ഇരുന്നൂറ്റി മുപ്പത്തിയെട്ടാമത് സ്വാതന്ത്യ്രദിനം അമേരിക്കയിലുടനീളം വിവിധ പരിപാടികളോടൊ സമൂചിതമായി ആഘോഷിച്ചു. ബ്രിട്ടന്റെ ആധിപത്യത്തില്‍ നിന്നും സ്വാതന്ത്യ്രം പ്രാപിച്ചതിനെ അനുസ്മരിക്കുന്നതിനും ആഘോഷിക്കുന്നതിനും പരേഡുകളും കരിമരുന്ന് പ്രയോഗങ്ങളും പിക്നിക്കുകളും വിവിധ സ്ഥലങ്ങളില്‍ ക്രമീകരിച്ചിരുന്നു.

വെളളിയാഴ്ച വൈറ്റ് ഹൌസില്‍ നടന്ന സ്വതന്ത്യ്രദിന പരിപാടികളില്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന 25 സൈനികര്‍ക്ക് അമേരിക്കന്‍ പൌരത്വം നല്‍കി ആദരിച്ചു. തുടര്‍ന്നു നടത്തിയ പ്രസംഗത്തില്‍ ഇമിഗ്രേഷന്‍ റിഫോം നടപ്പാക്കുന്നതിന് ശക്തമായ സമ്മര്‍ദം ചെലുത്തുമെന്ന് പ്രസിഡന്റ് ബറാക് ഒബാമ പ്രഖ്യാപിച്ചു.

സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന ജവാന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പൌരത്വം നല്‍കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് പ്രസിഡന്റ് പറഞ്ഞു. രാഷ്ട്രത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സേനാംഗങ്ങളേയും അമേരിക്കന്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വിവിധ രാജ്യങ്ങളിലും സ്വദേശത്തും സേവനം അനുഷ്ഠിക്കുന്ന സൈനികരേയും ഒബാമ പ്രത്യേകം അനുസ്മരിച്ചു.

യുഎസ് ഡിഫന്‍സ് സെക്രട്ടറി ചക്കഹേഗല്‍ ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍