ഒബാമ മോശം പ്രസിഡന്റെന്ന് സര്‍വേഫലം
Thursday, July 3, 2014 9:35 AM IST
ന്യൂയോര്‍ക്ക്: രണ്ടാം ലോക മഹായുദ്ധത്തിനുശേഷം അമേരിക്കന്‍ പ്രസിഡന്റുമാരായിരുന്ന പന്ത്രണ്ടുപേരില്‍ ഏറ്റവും മോശം പ്രസിഡന്റ് ബറാക് ഒബാമയാണെന്ന് അമേരിക്കയില്‍ നടത്തിയ വോട്ടെടുപ്പില്‍ പങ്കെടുത്ത രജിസ്ട്രേഡ് വോട്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.

ക്യുനിപേയ്ക്ക് യൂണിവേഴ്സിറ്റി സംഘടിപ്പിച്ച അഭിപ്രായ വോട്ടെടുപ്പില്‍ രാജ്യത്താകമാനമുള്ള വോട്ടര്‍മാരില്‍ 1446 പേരാണ് പങ്കെടുത്തത്.

ജൂണ്‍ 24 മുതല്‍ 30 വരെയായിരുന്നു വോട്ടെടുപ്പിനുള്ള സമയപരിധി നിശ്ചയിച്ചിരുന്നത്.

1945നുശേഷം 69 വര്‍ഷത്തിനുള്ളില്‍ അമേരിക്ക കണ്ട ഏറ്റവും മോശം ഭരണാധികാരി ഒബാമ ആണെന്ന് 33 ശതമാനം വോട്ടര്‍മാര്‍ വിധിയെഴുതിയപ്പോള്‍ തൊട്ടുതാഴെ ജോര്‍ജ് ഡബ്ള്യു ബുഷാണ് സ്ഥാനം പിടിച്ചത്. പ്രസിഡന്റ് പദവി കൈകാര്യം ചെയ്യുന്നതില്‍ ഒബാമ പരാജയമാണെന്ന് 53 ശതമാനം വോട്ടര്‍മാര്‍ അഭിപ്രായപ്പെട്ടപ്പോള്‍ 40 ശതമാനം ഒബാമയെ പിന്തുണച്ചു. അഭിപ്രായ സര്‍വേയുടെ ഫലം ജൂലൈ ഒന്നിനാണ് പുറത്തുവിട്ടത്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍