കാഴ്ചയുടെ വര്‍ണ്ണ വിസ്മയമൊരുക്കുന്ന 'മാര്‍ത്തോമ്മന്‍ വന്ദനവും മുത്തുക്കുടമാറ്റവും'
Thursday, July 3, 2014 5:14 AM IST
ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തിലെ തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി ജൂലൈ ആറാം തീയതി വൈകിട്ട് എട്ടിന് 'മാര്‍ത്തോമ്മന്‍ വന്ദനവും മുത്തുക്കുടമാറ്റവും' അമേരിക്കയില്‍ ഇദംപ്രഥമമായി കേരളത്തനിമയില്‍ നടത്തപ്പെടുന്നു.

എല്‍.ഇ.ഡി ലൈറ്റുകളുടെ പ്രഭ ചൊരിയുന്ന പ്രകാശപൂരിതമായ അന്തരീക്ഷത്തില്‍ കേരളത്തിന്റെ സാസ്കാരിക തനിമ വിളിച്ചോതുന്ന ആലവട്ടവും വെഞ്ചാമരവും നെറ്റിപ്പട്ടവും കെട്ടിയ ഗജവീരന്മാരും നൂറുകണക്കിന് മുത്തുക്കുടകള്‍ കുടമാറ്റം ചെയ്യപ്പെടുമ്പോള്‍, ഷിക്കാഗോ കലാക്ഷേത്രയിലെ പ്രതിഭാധനരായ കലാകാരന്മാരുടെ പഞ്ചവാദ്യമേളം അരങ്ങുണര്‍ത്തുമ്പോള്‍ അത് നാദവര്‍ണ്ണ വിസ്മയങ്ങളുടെ വര്‍ണ്ണപ്രഭ ചൊരിയും.

ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള നാനാജാതി മതസ്ഥരും പങ്കെടുക്കുന്ന ഈ തിരുനാള്‍ മഹോത്സവത്തില്‍ മാര്‍ത്തോമന്‍ വന്ദനവും, മുത്തുക്കുട മാറ്റവും നടത്തപ്പെടുന്നതിലൂടെ മതേതരത്വത്തിന്റെ മന്ത്രധ്വനികള്‍ ഉയരും. കാഴ്ചയുടെ നിറവസന്തം തീര്‍ക്കുന്ന ഈ വര്‍ണ്ണ വിസ്മയത്തിലേക്ക് സെന്റ് മേരീസ് വാര്‍ഡ് പ്രസുദേന്തിമാര്‍ ഏവരേയും സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം