മന്ത്രി കെ.സി. ജോസഫിനും ജോസഫ് വാഴയ്ക്കനും ഐ.എന്‍.ഒ.സി കേരള ഊഷ്മള സ്വീകരണം നല്‍കി
Wednesday, July 2, 2014 4:38 AM IST
ഫിലാഡല്‍ഫിയ: ഐ.എന്‍.ഒ.സി കേരളാ ചാപ്റ്റര്‍ പെന്‍സില്‍വേനിയയുടെ ആഭിമുഖ്യത്തിലും, നാഷണല്‍ കമ്മിറ്റിയുടെ സഹകരണത്തിലും കേരളാ സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫിനും, ജോസഫ് വാഴയ്ക്കന്‍ എം.എല്‍.എ, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സജി ചാക്കോ എന്നിവര്‍ക്ക് ഉജ്ജ്വല സ്വീകരണം നല്‍കി.

ജൂണ്‍ 28-ന് ശനിയാഴ്ച രാവിലെ ഒമ്പതിന് രസവത്ത് റെസ്റോറന്റില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ പെന്‍സില്‍വേനിയ ചാപ്റ്റര്‍ പ്രസിഡന്റ് അറ്റോര്‍ണി ജോസഫ് കുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു. കേരളാ ചാപ്റ്റര്‍ നാഷണല്‍ പ്രസിഡന്റ് കളത്തില്‍ വര്‍ഗീസ്, നാഷണല്‍ ജനറല്‍ സെക്രട്ടറി ജോബി ജോര്‍ജ് എന്നിവര്‍ വിശിഷ്ടാതിഥികളോടൊപ്പം എത്തി.

ദേശീയതലത്തില്‍ കോണ്‍ഗ്രസിന് ക്ഷീണം സംഭവിച്ചുവെങ്കിലും കേരളത്തില്‍ മികച്ച വിജയം നേടാന്‍ സാധിച്ചു. കേരളത്തിലെ യു.ഡി.എഫിന്റെ ഭരണത്തിന്റെ വിലയിരുത്തലാണ് വിജയമെന്നും മന്ത്രി വ്യക്തമാക്കി. സമയബന്ധിതമായി ഗവണ്‍മെന്റ് വിവിധ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കിവരുന്നു. പ്രവാസി മലയാളികളുടെ സഹകരണവും കേരളത്തിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാണ്. ഐ.എന്‍.ഒ.സി കേരളയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കോണ്‍ഗ്രസിനോടുള്ള താത്പര്യവും ആഭിമുഖ്യവുമാണ് ഐ.എന്‍.ഒ.സിയുടെ വളര്‍ച്ചയും പ്രവര്‍ത്തനങ്ങളുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മൂവാറ്റുപുഴ എം.എല്‍.എ ജോസഫ് വാഴയ്ക്കന്‍, കേന്ദ്രത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെങ്കിലും ശക്തമായി തിരിച്ചുവരുമെന്നു പറഞ്ഞപ്പോള്‍ നീണ്ട കരഘോഷമുയര്‍ന്നു. കോണ്‍ഗ്രസില്ലാതെ ഇന്ത്യയ്ക്ക് വളരാനാവില്ല. കോര്‍പ്പറേറ്റുകളുടെ പിന്തുണയിലാണ് മോദി അധികാരത്തിലെത്തിയത്. കേരളത്തിന്റെ വികസനം ജനങ്ങളിലെത്തിക്കാന്‍ സാധിച്ചു. അമേരിക്കന്‍ മലയാളികള്‍ കോണ്‍ഗ്രസിനോടും, നാടിനോടുമുള്ള സ്നേഹവും കൂറും മനസില്‍ സൂക്ഷിക്കുന്നതുകൊണ്ടാണ് ഐ.എന്‍.ഒ.സി സജീവമായി പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നിങ്ങളെ എല്ലാവരേയും അഭിനന്ദിക്കുന്നുവെന്നും വാഴയ്ക്കന്‍ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സജി ചാക്കോ, ഇന്ത്യയുടെ വികസനം വളരെ വേഗത്തിലാണെന്നും, സ്വാതന്ത്യ്രംകിട്ടിയ മൂന്നാം ലോകരാജ്യങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ ഏറെ മുന്നിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ ജനറല്‍ .സെക്രട്ടറി ജോബി ജോര്‍ജ് എട്ട് ചാപ്റ്ററുകളായി പ്രവര്‍ത്തിക്കുന്ന കേരള ചാപ്റ്ററിന് മികച്ച ചാപ്റ്റര്‍ അവാര്‍ഡ് ലഭിച്ചുവെന്ന് വ്യക്തമാക്കി. ഇനിയും കൂടുതല്‍ ചാപ്റ്ററുകള്‍ ആരംഭിക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അലക്സ് തോമസ് , ഇട്ടിക്കുഞ്ഞ് എബ്രഹം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

നാഷണല്‍ കമ്മറ്റിയുടെ വക പ്രശംസാഫലകം മന്ത്രിക്ക് കളത്തില്‍ വര്‍ഗീസ് സമ്മാനിച്ചു. ജോസഫ് വാഴയ്ക്കന് നാഷണല്‍ ജന.സെക്രട്ടറി ജോബി ജോര്‍ജ് പ്രശംസ ഫലകം സമ്മാനിച്ചു. കുര്യന്‍ രാജന്‍, തമ്പി ചാക്കോ, അലക്സ് തോമസ് ബൊക്കേ നല്‍കി അതിഥികളെ സ്വീകരിച്ചു. മന്ത്രിയുടെ പത്നി ശ്രീമതി സാറാജോസഫും ചടങ്ങിള്‍ പങ്കെടുത്തു. ജോസഫ് വാഴയ്ക്കന്റെ ഭാര്യാസഹോദരി ഭര്‍ത്താവ് സോണി കരിപ്പറമ്പില്‍ എന്നിവര്‍ പങ്കെടുത്തു

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം