'മദര്‍ തെരേസ' നാടകത്തിന് ആശംസകള്‍ നേര്‍ന്നു
Tuesday, July 1, 2014 8:02 AM IST
തൃശൂര്‍: യഥാര്‍ഥമായ രീതിയില്‍ അവതരിപ്പിക്കപ്പെടുന്ന ഒരു ജീവചരിത്ര നാടകമാണ് 'മദര്‍ തെരേസ' നാടകം പാവങ്ങളുടെ അമ്മയ്ക്ക് സമര്‍പ്പിക്കുന്ന പ്രാര്‍ഥനോപഹാരവുംകൂടിയാണ്. മദര്‍ തെരേസയുടെ വിശുദ്ധസ്പര്‍ശം ഓരോ നിമിഷവും ഈ നാടകാവതരണത്തെ അനുഗ്രഹിക്കട്ടെ.

അമേരിക്കയില്‍ ആദ്യമായി മുപ്പതോളം രംഗകലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ജൂലൈ നാലിന് ഫിലാഡല്‍ഫിയയിലെ സെന്റ് തോമസ് തിരുനാളിനോട് അനുബന്ധമായി സീറോ മലബാര്‍ കലാസംഘമാണ് മദര്‍തെരേസാ നാടകം അവതരിപ്പിക്കുന്നത്. 150-ഓളം വേദികളില്‍ അവതരിപ്പിച്ച ഈ നാടകം അമേരിക്കയില്‍ അണിയറയില്‍ ഒരുക്കുവാന്‍ തയാറെടുക്കുന്ന എല്ലാ കലാകാരന്മാര്‍ക്കും ആസ്വാദകര്‍ക്കും ആശംസകള്‍ നേരുന്നു.

കേരള സംഗീത നാടക അക്കാഡമി വൈസ് ചെയര്‍മാനും കെസിബിസി നാടക അവാര്‍ഡ് ജേതാവും 'യയാതി', 'പെരുന്നാള്‍' എന്നിങ്ങനെ അനേകം അതിപ്രശസ്തങ്ങളായ നാടകങ്ങളുടെ രചയിതാവുമായ ടി.എം ഏബ്രഹാം, അമേരിക്കയിലെ നാടക പ്രവര്‍ത്തകരെ അഭിനന്ദിച്ചുകൊണ്ട് അറിയിച്ചതാണിക്കാര്യം.