ട്രാവല്‍ ഏജന്‍സിയുടെ പിഴവ് മൂലം യാത്ര മുടങ്ങിയ വീല്‍ചെയര്‍ യാത്രക്കാരന് നവോദയ റിയാദ് തുണയായി
Monday, June 30, 2014 8:43 AM IST
റിയാദ്: നജ്റാനില്‍ നിന്നും റിയാദ് വഴി ചെന്നൈയിലേക്ക് യാത്ര തിരിച്ച വീല്‍ ചെയര്‍ യാത്രക്കാരന്‍ ടിക്കറ്റ് നല്‍കിയ ട്രാവല്‍ ഏജന്‍സിയുടെ പിഴവ് മൂലം റിയാദ് എയര്‍പോര്‍ട്ടില്‍ കുടുങ്ങി. വിവരമറിഞ്ഞ് സഹായത്തിനെത്തിയ നവോദയ റിയാദ് പ്രവര്‍ത്തകരുടെ സഹായത്താല്‍ ഒരാഴ്ചക്ക് ശേഷമാണ് രേഖകള്‍ ശരിയാക്കി യാത്ര തുടരാനായത്. ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ നട്ടെല്ലിന് ക്ഷതമേറ്റ് അരക്ക് താഴെ പൂര്‍ണമായും തളര്‍ന്ന് അവശനായ തമിഴ്നാട് സ്വദേശി വിദഗ്ധ ചികിത്സക്കായി നാട്ടില്‍ പോകുമ്പോഴാണ് ഈ ദുരവസ്ഥയുണ്ടായത്.

നജ്റാനില്‍ ടവര്‍ലൈന്‍ ജോലിക്കാരനായിരുന്ന തമിഴ്നാട് വെല്ലൂര്‍ ജില്ലയിലെ ബത്തിരികണ്ണൂര്‍ സ്വദേശിയായ തിമ്മയന്‍ ഗോവിന്ദരാജാണ് (45) ജോലിക്കിടയില്‍ പോസ്റ്റില്‍ നിന്ന് വീണാണ് അപകടം സംഭവിച്ചത്. നട്ടെല്ല് തകര്‍ന്ന ഗോവിന്ദരാജിനെ നജ്റാനിലെ കിംഗ് ഖാലിദ് ആശുപത്രിയിലാണ് ചികിത്സ നല്‍കിയിരുന്നത്. 40 ദിവസത്തെ ചികിത്സക്കുശേഷം തുടര്‍ ചികിത്സക്കായി സ്പോണ്‍സര്‍ നാട്ടില്‍ പോകാനുള്ള എല്ലാ സൌകര്യവുമൊരുക്കുകയായിരുന്നു. നജ്റാനിലെ ട്രാവല്‍ ഏജന്‍സിയില്‍ നിന്നും റിയാദിലേക്ക് സൌദി എയര്‍ലൈന്‍സിലും റിയാദില്‍ നിന്നും മുംബൈ വഴി ചെന്നൈയിലേക്ക് എയര്‍ ഇന്ത്യയിലുമാണ് ടിക്കറ്റ് ലഭിച്ചത്. റിയാദിലെത്തിയ ഗോവിന്ദരാജിന്റെ കൈവശം വീല്‍ ചെയര്‍ യാത്രക്കാരന് ആവശ്യമായ അനുമതി പത്രമില്ലെന്ന കാരണത്താല്‍ കാലത്ത് 6.45 ന് മുംബൈയിലേക്ക് പോകേണ്ട എയര്‍ ഇന്ത്യാ വിമാനത്തില്‍ യാത്ര ചെയ്യാനായില്ല. ടിക്കറ്റ് എടുക്കുന്ന സമയത്ത് വീല്‍ ചെയര്‍ യാത്രക്കാരനാണെങ്കില്‍ മുംബൈ എയര്‍ ഇന്ത്യാ ഓഫീസില്‍ നിന്നും മുന്‍കൂട്ടി അനുമതി വാങ്ങേണ്ടതുണ്ട്. എയര്‍ ഇന്ത്യയുടെ റിയാദ് ഓഫീസില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷ നല്‍കണം. മുംബൈയില്‍ നിന്നും അനുമതി ലഭിക്കാന്‍ ചുരുങ്ങിയത് അഞ്ചു ദിവസമെങ്കിലുമെടുക്കും. ഇത് മനസിലാക്കാതെയാണ് നജ്റാനിലെ ട്രാവല്‍ ഏജന്‍സി ഗോവിന്ദരാജിന് ടിക്കറ്റ് നല്‍കിയത്.

ഗോവിന്ദരാജിനോടൊപ്പം പോകേണ്ടിയിരുന്ന സഹോദരന്‍ വെങ്കിടേഷ്, സുഹൃത്ത് മുരുകന്‍ കരിവീരന്‍ എന്നിവരോടൊപ്പം പിന്നീട് ഇന്ത്യന്‍ എംബസിയിലെത്തിയ അദ്ദേഹത്തെ എംബസി സുരക്ഷാ ഉദ്യോഗസ്ഥര്‍ എയര്‍ ഇന്ത്യയുടെ ഓഫീസിലേക്ക് അയച്ചു. ടാക്സിയില്‍ യൂറിന്‍ ക്യാരിബാഗ് ഉള്‍പ്പെടെ വീല്‍ചെയറില്‍ എയര്‍ ഇന്ത്യാ ഓഫീസിലെത്തിയ ഗോവിന്ദരാജിന്റെ അവശനില കണ്ടറിഞ്ഞ മാനേജര്‍ കിംഗ്സ്ലി ഫെര്‍ണാണ്ടസ് അടുത്ത വിമാനത്തില്‍ മുംബൈയിലേക്കയക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും മെഡിക്കല്‍ റിപ്പോര്‍ട്ട് അപൂര്‍ണമായതിനാല്‍ അനുമതി ലഭിച്ചില്ല. തുടര്‍ന്ന് എയര്‍ ഇന്ത്യാ ഓഫീസില്‍ രോഗിക്ക് വിശ്രമിക്കാന്‍ സൌകര്യമൊരുക്കിയ എയര്‍ഇന്ത്യാ ഉദ്യോഗസ്ഥര്‍ നവോദയ ജീവകാരുണ്യ വിഭാഗം ചെയര്‍മാന്‍ ബാബുജിയെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നവോദയ പ്രവര്‍ത്തകരായ ഉദയഭാനു, വിക്രമന്‍, ബാബുജി, അന്‍വാസ് എന്നിവര്‍ ഗോവിന്ദരാജിനെ ഏറ്റെടുത്ത് ബത്തയിലെ ഷിഫ അല്‍ ജസീറ പോളിക്ളിനിക്കില്‍ താല്‍ക്കാലികമായി അഡ്മിറ്റ് ചെയ്തു. പോളിക്ളിനിക്ക് മാനേജ്മെന്റ് അദ്ദേഹത്തിന് അത്യാവശ്യം വേണ്ട ചികിത്സയും താമസ സൌകര്യവും സൌജന്യമായി നല്‍കി. അവിടെ നിന്നും നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എയര്‍ ഇന്ത്യയെ വീണ്ടും സമീപിച്ച് യാത്രക്കുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച് ഞായറാഴ്ച പുലര്‍ച്ചെയുള്ള വിമാനത്തില്‍ മുംബൈയിലേക്കും തുടര്‍ന്ന് ചെന്നൈയിലേക്കും ഗോവിന്ദരാജിനേ കൂടെ രണ്ട് പേരേയും യാത്രയാക്കി. ടിക്കറ്റ് മാറിയതിനാല്‍ അധിക ചാര്‍ജായി നല്‍കേണ്ടി വന്ന 1100 റിയാല്‍ ഗോവിന്ദരാജിന്റെ സ്പോണ്‍സര്‍ നജ്റാനില്‍ നിന്നും അയച്ചു കൊടുത്തതായി നവോദയ പ്രവര്‍ത്തകര്‍ പറഞ്ഞു.

റിയാദിന് പുറത്തു നിന്നും സ്ട്രച്ചറിലും വീല്‍ചെയറിലും ഇന്ത്യയിലേക്ക് യാത്ര ചെയ്യേണ്ട യാത്രക്കാരോ ബന്ധുക്കളോ അതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി നവോദയ റിയാദ് ജീവകാരുണ്യ വിഭാഗത്തെ സമീപിക്കാവുന്നതാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. തികച്ചും സൌജന്യമായ ഈ സേവനത്തിനായി ബാബുജി (0503433781), വിക്രമലാല്‍ (0501075266), ഉദയഭാനു (0501813831) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍