ചെമ്മാച്ചന്‍ ജോസഫ് കുര്യന്‍ വൈദികപട്ടം സ്വീകരിച്ചു
Monday, June 30, 2014 7:51 AM IST
ഡാളസ്: സെന്റ് തോമസ് ക്നാനായ ചര്‍ച്ചില്‍ (ഇര്‍വിംഗ്്) ചെമ്മാച്ചനായി 2008 മുതല്‍ സേവനമനുഷ്ഠിച്ചുകൊണ്ടിരുന്ന ജോസഫ് കുര്യന്‍ ചെമ്മാച്ചന്‍ ചിങ്ങവനത്തുളള ക്നാനായ യാക്കോബായ സഭയുടെ ആഗോള ആസ്ഥാനമായ മാര്‍ അപ്രേം സെമിനാരിയില്‍ വച്ച് ക്നാനായ സഭയുടെ പരമോന്നത മേലധ്യക്ഷനും ആര്‍ച്ച് ബിഷപ്പുമായ പരിശുദ്ധ കുറിയാക്കോസ് മാര്‍ സേവേറിയോസിന്റെ അനുഗ്രഹീത കരങ്ങളാല്‍ മുതിര്‍ന്ന അച്ചന്മാരുടേയും കന്യാസ്ത്രീകളുടെയും ചെമ്മാച്ചന്മാരുടെയും സഭാ വിശ്വാസികളുടെ ഭക്ത സാന്ദ്രമായ സദസിനെ സാക്ഷി നിര്‍ത്തി അച്ചന്‍ പട്ടം സ്വീകരിച്ചു.

ചെറുപ്രായം മുതല്‍ കല്ലിശേരി ക്നാനായ പളളിയില്‍ മദ്ബാഹായില്‍ ശുശ്രൂഷകനായി ആത്മീയ വിരുന്നിന് തുടക്കം കുറിച്ച ഫാ. ജോസഫ് കുര്യന്‍ സണ്‍ഡേ സ്കൂള്‍ അധ്യാപകനായും സഭയുടെ ആത്മാര്‍ഥ സേവകനായും പ്രവര്‍ത്തിച്ചതിന്റെ പരിണിത ഫലമാണ് ഈ ലഭിച്ച ആത്മീയ അംഗീകാരം എന്ന് വിശ്വാസികള്‍ കരുതുന്നു.

പ്രാര്‍ഥന തപസിയായി സ്വീകരിച്ച ഈ ചെറുപ്പക്കാരന്‍, വിവാഹം കഴിപ്പിക്കുന്നതും മാമോദീസാ നല്‍കുന്നതും സംസ്കാരം നടത്തുന്നതും മാത്രമല്ല അതോടൊപ്പം വിശ്വാസികളുടെ മാനസാന്തരത്തിലടെ ആത്മക്കളെ നേടുക എന്നുളളതും കൂടിയാണ്. തന്റെ കര്‍ത്തവ്യം എന്ന് വിശ്വാസിക്കുന്നു. ദൈവം വിളിച്ചു വേര്‍തിരിച്ച് നല്‍കിയ അനുഗ്രഹത്തിന്റെ സമ്പൂര്‍ണതയാണ് തനിക്കു ലഭിച്ച പട്ടത്തെ താന്‍ കാണുന്നതെന്ന് ഫാ. ജോസഫ് കുര്യന്‍ പറഞ്ഞു.

ചിറയില്‍ ഫാ. എം.എ. കുര്യാക്കോസ് കോര്‍ എപ്പിസ്കോപ്പാ അനുമോദന പ്രസംഗം നടത്തി. ക്നാനായ സിറിയന്‍ യാക്കോബായ സഭയ്ക്ക് പ്രത്യേകിച്ച് അമേരിക്കന്‍ ക്നാനായ കമ്യൂണിറ്റിക്ക് ജോസഫ് കുര്യന്‍ അച്ചന്റെ സേവനം അനുഗ്രഹമായി തീരുവാന്‍ ദൈവം സഹായിക്കട്ടെ എന്ന് ക്നാനായ കാത്തലിക് കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ അമേരിക്കയിലേക്ക് ഈ ആഴ്ചയില്‍ കടന്നു വരുന്ന സമുദായ മെത്രാപോലീത്ത പറഞ്ഞു. സഭാ മനേജ്മെന്റ് കമ്മിറ്റി അംഗമായ അഡ്വ. സര്‍ദീപ് താമരപ്പളളില്‍ മുന്‍ സഭാ സെക്രട്ടറി തമ്പാന്‍ തോമസ് തുടങ്ങിയ സമുദായ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: പി.സി മാത്യു