ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് കീനോട്ട് സ്പീക്കര്‍
Saturday, June 28, 2014 9:32 AM IST
ന്യൂജേഴ്സി: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിലെ മുഖ്യ പ്രാസംഗികനായി റവ. ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് എത്തുകയാണ്.

തലമുറകളായി കോനാട്ട് അച്ചന്മാര്‍ സഭയുടെ നേതൃനിരയില്‍ അവരോധിക്കപ്പെട്ടിട്ടുണ്ട്. ഈ ശ്രേണിയിലെ ഇപ്പോഴത്തെ കണ്ണിയാണ് ഫാ. ജോണ്‍സ് കോനാട്ട്. സഭയിലെ പൌരസ്ത്യപഠനത്തിന്റെ മുന്‍നിരയിലാണ് കോനാട്ട് അച്ചന്‍. കോട്ടയത്തെ ഓര്‍ത്തഡോക്സ് തീയോളജിക്കല്‍ സെമിനാരിയിലെ ലക്ചറായ അദ്ദേഹം കോട്ടയത്തു തന്നെയുള്ള സെന്റ് എഫ്രേം എക്യുമെനിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് (സീരി)-ലെ സുറിയാനി അധ്യാപകന്‍ എന്ന നിലയിലും സ്തുത്യര്‍ഹമായ പങ്ക് വഹിക്കുന്നു. കേരള സര്‍വകലാശാലയില്‍ നിന്നും സൈക്യാട്രിയില്‍ ബിരുദം നേടിയ കോനാട്ട് അച്ചന്‍ പൌരോഹിത വിദ്യാഭ്യാസത്തിന് അടിത്തറ പാകുന്നത് ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയില്‍നിന്നാണ്. തുടര്‍ന്ന് സേക്രഡ് തീയോളജിയില്‍ ഗ്രാജ്വേഷനും (ഡിപ്ളോമ) ബാച്ചിലര്‍ ഇന്‍ ഡിവിനിറ്റിയില്‍ ഡിഗ്രിയും സ്വന്തമാക്കി.

തിയോളജി ഫോര്‍ റിസര്‍ച്ച് ഇന്‍ സിറിയക്ക് ഫാദേഴ്സ് എന്ന വിഷയത്തില്‍ കാത്തലിക്ക് യൂണിവേഴ്സിറ്റി, ബല്‍ജിയത്തില്‍ നിന്നും ഡോക്ടറേറ്റ് നേടിയ കോനാട്ട് അച്ചന്‍ പൌരോഹിത്യത്തിന്റെ വിവിധ തലങ്ങളില്‍ ശ്രദ്ധേയമായ ഗവേഷണം നടത്തി. മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ കുര്‍ബാന അനുഷ്ഠാനങ്ങളെക്കുറിച്ചുള്ള പ്രിന്‍സിപ്പല്‍ ഗൈഡ്, ട്യൂട്ടര്‍ എന്നീ നിലകളില്‍ ഏറ്റവും മുന്തിയ സ്ഥാനമാണ് മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ ഇദ്ദേഹത്തിനുള്ളത്. സഭയുടെ വൈദീക ട്രസ്റി, കാത്തലിക്ക് ചര്‍ച്ച് ജോയിന്റ് കമ്മീഷന്‍ ഫോര്‍ കണ്‍സള്‍ട്ടേഷന്‍ അംഗം എന്നീ അധികചുമതലകളും വഹിക്കുന്നു. സുറിയാനി പഠനത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പാഠപുസ്തകം എന്നു ഖ്യാതി നേടിയിട്ടുള്ള സുറിയാനി ഭാഷ പ്രവേശിക എന്ന ഗ്രന്ഥത്തിന്റെ രചനയില്‍ ഫാ. ഡോ. ബേബി വര്‍ഗീസിനൊപ്പം എഡിറ്റോറിയല്‍ ചുമതലയും കോനാട്ട് അച്ചന്‍ നിര്‍വഹിച്ചിട്ടുണ്ട്. നേര്‍വഴിയില്‍, സ്രൂജിലെ മാര്‍ യാക്കോബ്, മാര്‍ യാക്കോബിന്റെ തക്സ: അനുഷ്ഠാനങ്ങളും വ്യാഖ്യാനങ്ങളും ചേര്‍ത്തത് എന്നീ കൃതികളെഴുതിയ കോനാട്ട് അച്ചന്‍ കേരളത്തിലെ എകിസ്കോപ്പല്‍ സഭകള്‍, കോനാട്ട് മാത്തന്‍ കോര്‍ എപ്പിസ്കോപ്പ: വ്യക്തിയും കാലവും, വിശുദ്ധ സുവിശേഷങ്ങള്‍: ഒരു ലഘു വ്യാഖ്യാനം എന്നീ കൃതികള്‍ എഡിറ്റ് ചെയ്തു പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. വിവിധ അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളില്‍ സമകാലിക പൌരോഹിത്യ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.

കോനാട്ട് അച്ചന്‍ ഫാമിലി കോണ്‍ഫറന്‍സിലെ കീനോട്ട് സ്പീക്കര്‍ ആയി എത്തുന്നതില്‍ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കോളോവോസ് തികഞ്ഞ തൃപ്തി രേഖപ്പെടുത്തി. മൂന്നു ദിന കോണ്‍ഫറന്‍സില്‍ കോനാട്ട് അച്ചന്റെ പാണ്ഡിത്യവും പ്രായോഗികതയും എവിടെയൊക്കെ ഉള്‍പ്പെടുത്താമെന്ന ചിന്തയിലാണ് കോ ഓര്‍ഡിനേറ്റര്‍ ഫാ. സുജിത് തോമസും, ജനറല്‍ സെക്രട്ടറി ഡോ. ഫിലിപ്പ് ജോര്‍ജും.

ജൂലൈ 16 (ബുധന്‍) മുതല്‍ 19 (ശനി) വരെ പെന്‍സില്‍വേനിയയിലെ ലാന്‍കാസ്റര്‍ ഹോസ്റ് ആന്‍ഡ് റിസോര്‍ട്ടിലാണ് കോണ്‍ഫറന്‍സ്.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍