വിദേശ തൊഴിലാളികളെ ജോലിക്ക് ആവശ്യപ്പെട്ട് പത്ര പരസ്യം പാടില്ല: തൊഴില്‍ മന്ത്രാലയം
Saturday, June 28, 2014 8:13 AM IST
ദമാം: വിദേശ തൊഴിലാളികളെ ആവശ്യപ്പെട്ട് പത്രങ്ങളില്‍ പരസ്യം ചെയ്യാന്‍ പാടില്ലെന്ന് സൌദി തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുള്ള അബു സനീന്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയകള്‍ വഴിയായാലും പത്രമാധ്യമങ്ങള്‍ വഴിയാണങ്കിലും വിദേശ തൊഴിലാളികളെ ആവശ്യപ്പെട്ട് പരസ്യം ചെയ്യാന്‍ പാടില്ലന്നാണ് വ്യവസ്ഥ. ഇങ്ങനെ പരസ്യം ചെയ്യുന്ന കമ്പനികളേയും സ്ഥാപനങ്ങളേയും കുറിച്ച് അന്വേഷണം നടത്തുന്നതിന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്രങ്ങളിലും മറ്റും നല്‍കുന്ന പരസ്യങ്ങള്‍ നിരീക്ഷിക്കുമെന്ന് സൌദി തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പു നല്‍കി.

സൌദി തൊഴില്‍ നിയമം അനുസരിച്ച് നടപടികള്‍ സ്വകീരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

സൌദി തൊഴില്‍ നിയമം അനുസരിച്ച് സ്വകാര്യ മേഖലയിലായാലും ഗവണ്‍മെന്റ് മേഖലയിലായാലും സൌദിയിലെ ലഭ്യമാവുന്ന തൊഴിലവസരങ്ങളുടെ യഥാര്‍ഥ അവകാശി സൌദി സ്വദേശിയാണന്ന് സൌദി തൊഴില്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. വിദേശികളായ തൊഴിലാളികളുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിനു മുമ്പ് ആ ജോലിക്ക് യോഗ്യതയുള്ള സ്വദേശിയുണ്േടാ എന്ന് പരിശോധിക്കേണ്ടത് തൊഴിലുടമയുടെയും ബാധ്യതയാണന്നും തൊഴില്‍ നിയമം പറയുന്നു. ഇതിനായി പത്ര പരസ്യം ചെയ്യണമെന്ന് വ്യവസ്ഥയുണ്ട്.

ഗവണ്‍മെന്റ് മേഖലയില്‍ വിദേശികളെ റിക്രൂട്ട്മെന്റ് നടത്തുമ്പോള്‍ യോഗ്യരായ സ്വദേശിയെ ലഭിക്കുന്ന മുറക്ക് വിദേശിയുടെ കോണ്‍ട്രാക്ട് പുതുക്കി നല്‍കാന്‍ പാടില്ലെന്ന് സൌദി സര്‍വീസ് വ്യവസ്ഥ ചെയ്യാറുണ്ട്.

സൌദി സിവില്‍ ഡിഫന്‍സ് മന്ത്രാലയത്തിന്റെയും തൊഴില്‍ മന്ത്രാലയത്തിന്റെയും അനുമതിയോടെ മാത്രമേ ഗവണ്‍മെന്റ് മേഖലയിലെ വിവിധ തസ്തകകളിലേക്ക് വിദേശ ജീവനക്കാരെ റിക്രൂട്ട് ചെയ്യുക.

സീവില്‍ ഡിഫന്‍സിന്റെ സൈറ്റിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇക്കാര്യത്തില്‍ പാലിക്കണമെന്ന് സൌദി സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം