തൊഴില്‍ പീഡനത്തിനു അറുതിയായി; പഞ്ചാബ് സ്വദേശിനി മഞ്ജിത് കൌര്‍ നാട്ടിലേക്ക് മടങ്ങി
Friday, June 27, 2014 8:20 AM IST
ദമാം: പഞ്ചാബ് ജലന്തര്‍ സ്വദേശിനി മഞ്ജിത് കൌര്‍ (42) പത്ത് മാസങ്ങള്‍ക്ക് മുന്‍പ് ബീജ എന്ന ഏജന്റിനു 30,000 രൂപ നല്‍കിയാണ് ബഹ്റിനിലെത്തിയത് ഒരു മാസം ജോലി ചെയ്തു 80 ദിനാര്‍ ശമ്പളവും കിട്ടി. എന്നാല്‍ ഒരു മാസത്തിനു ശേഷം ബഹ്റിനില്‍ നിന്ന് സൌദിയിലെ ജുബൈലില്‍ ഒരു വീട്ടിലേയ്ക്ക് മാറ്റി അന്ന് മുതല്‍ ജീവിതം ദുസഹമായി. കഠിനമായ ജോലിയും കുടുംബാംഗങ്ങളുടെ ശകാര വര്‍ഷങ്ങളും ശരിയായ ഭക്ഷണം ലഭിക്കാതെ പല ദിവസവും പട്ടിണി കിടക്കേണ്ടാതായും വന്നു. ആദ്യ രണ്ട് മാസം ശമ്പളം കൊടുത്തു. പിന്നീട് അതും ഇല്ലാതായി ശകാരത്തോടൊപ്പം ശാരീരിക ഉപദ്രവവും പതിവായി. ഈ വിവരങ്ങള്‍ ബഹ്റിനിലുള്ള സഹോദരനെ അറിയിച്ചു. ഇദ്ദേഹം ബഹ്റിനിലും സൌദിയിലും ജോലികള്‍ ചെയ്യിക്കുന്ന നവയുഗം സാംസ്കാരിക പ്രവര്‍ത്തകന്‍ റോണി ജോണിനെ വിവരം അറിയിച്ചു. റോണി ജോണ്‍ നവയുഗം കാരുണ്യ പ്രവര്‍ത്തക സഫിയ അജിത്തിന്റെ സഹായം തേടി. ഒരു മാസത്തെ പ്രവര്‍ത്തന ഫലമായി ഒരു സൌദി പൌരന്റെ സഹായത്തോടെ മഞ്ജിത് കൌറിനെ ദമ്മാമിലെത്തിച്ചു പോലീസിനു കൈമാറി.

പോലിസ് അന്വേഷണത്തിനുശേഷം ഫൈസലിയ തര്‍ഹീലിലും അവിടെ നിന്ന് ദമാം വനിതാ അഭയ കേന്ദ്രത്തിലും എത്തിക്കുകയായിരുന്നു. അവിടെ നിന്ന് വിരലടയാളത്തിന്റെ സഹായത്തോടെ സ്പോണ്‍സറെ കണ്െടത്തി ദമാം സാമൂഹ്യ സുരക്ഷ ഓഫീസില്‍ വിളിച്ചു വരുത്തി. സ്പോണ്‍സര്‍ മഞ്ജിത് കൌറിനെതിരെ ഒളിച്ചോട്ടം മോക്ഷണം എന്നീ പരാതികള്‍ നല്‍കിയെങ്കിലും തെളിയിക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ ശമ്പള കുടിശിക നല്‍കാന്‍ സാമൂഹ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മഞ്ജിത് കൌറിന്റെ ശമ്പള കുടിശികയും എക്സിറ്റ് അടിച്ച പാസ്പോര്‍ട്ടും നല്‍കാന്‍ സ്പോണ്‍സര്‍ തയാറായി.

നവയുഗം സാംസ്കാരിക പ്രവര്‍ത്തകന്‍ റോണി ജോണ്‍ എടുത്തുനല്‍കിയ ടിക്കറ്റ് സാമൂഹ്യ സുരക്ഷ ഉദ്യോഗസ്ഥരായ അബ്ദുള്‍ ഹലാക്ക് അല്‍, സാദിഖ് അല്‍ അബാസ്, സഫിയ അജിത് എന്നിവര്‍ ചേര്‍ന്ന് നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം