സ്പെല്ലിംഗ് ബീ മത്സരവും 'മഞ്ച്' ഫാമിലി നൈറ്റും ആഘോഷിച്ചു
Thursday, June 26, 2014 8:16 AM IST
ന്യൂജേഴ്സി: മലയാളി അസോസിയേഷന്‍ ന്യൂജേഴ്സി (മഞ്ച്) ജൂണ്‍ 22ന് (ശനി) പാഴ്സിപ്പനി പാള്‍സ് ഓഡിറ്റോറിയത്തില്‍ സ്പെല്ലിംഗ് ബീ മത്സരവും ഫാമിലി നൈറ്റും നടത്തി.

ഫൊക്കാനയുടെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ നടത്തപ്പെടുന്ന സ്പെല്ലിംഗ് ബീ മത്സരം വിദ്യാര്‍ഥികളുടെ ഭാഷാ മികവ് പരീക്ഷിക്കുന്നതിനാണ്. മഞ്ചാണ് ന്യൂജേഴ്സിയിലെ മത്സരം സ്പൊണ്‍സര്‍ ചെയ്തത്. ഒന്നാം സമ്മാനം നേടിയ അലന്‍ സന്തോഷ് തടത്തിലിന് പാറയില്‍ ഫുഡ്സ് സ്പൊണ്‍സര്‍ ചെയ്ത 500 ഡോളര്‍ കാഷ് പ്രൈസ് ലഭിച്ചു.

ഫൊക്കാന കണ്‍വന്‍ഷന്റെ ഭാഗമായി ഷിക്കാഗോയില്‍ നടക്കുന്ന നാഷണല്‍ സ്പെല്ലിംഗ് ബീയിലും അലന് പങ്കെടുക്കാം. രണ്ടാംസ്ഥാനം നേടിയ എമി കുര്യാക്കോസിന് ഡോ. ജോസ് കാനാട്ട് സ്പോണ്‍സര്‍ ചെയ്ത 250 ഡോളര്‍ കാഷ് അവാര്‍ഡ് ലഭിച്ചു. ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ അവാര്‍ഡ്ദാനം നിര്‍വഹിച്ചു. പോള്‍ കറുകപ്പള്ളില്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. മഞ്ച് അംഗങ്ങളെ ജൂലൈയിലെ ഫൊക്കാന സമ്മേളനത്തിലേക്ക് അദ്ദേഹം സ്വാഗതം ചെയ്തു. മഞ്ച് സെക്രട്ടറി ഉമ്മന്‍ചാക്കോ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഷാജി വര്‍ഗീസ് അധ്യക്ഷനായിരുന്നു. മലയാളി കമ്യൂണിറ്റിയുടെ ക്ഷേമം ലക്ഷ്യമാക്കി മഞ്ച് ന്യൂജേഴ്സിയില്‍ ചെയ്യുന്ന പ്രോജക്ടുകളെപ്പറ്റി ഷാജി പ്രതിപാദിച്ചു. ജീവകാരുണ്യപ്രവര്‍ത്തനങ്ങളും ആതുരസേവനങ്ങളും മഞ്ചിന്റെ മുഖമുദ്രയായിരിക്കും. വിപുലമായ രീതിയില്‍ അടുത്തവര്‍ഷം സ്പെല്ലിംഗ് ബീ സംഘടിപ്പിക്കും. സംരംഭങ്ങളെ സഹായിക്കുന്ന സ്പൊണ്‍സര്‍മാരോടുള്ള നന്ദിയും ഷാജി രേഖപ്പെടുത്തി. കേരളത്തിലെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്ന മഞ്ചിന്റെ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം ശ്ളാഘിച്ചു.

ഫിലിപ്പോസ് ഫിലിപ്പ്, ഡോ. ജോസ് കാനാട്ട്, ജോസ് കുരിയപ്പുറം, അപ്പുക്കുട്ടന്‍നായര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു പ്രസംഗിച്ചു. സുജ ജോസ് എംസിയായിരുന്നു. മഞ്ച് വൈസ് പ്രസിഡന്റ് സജീമോന്‍ ആന്റണി നന്ദി പറഞ്ഞു. രാത്രി മഞ്ച് അംഗങ്ങളുടെ കള്‍ച്ചറല്‍ പ്രോഗ്രാമുകളും ഡന്‍സുകളും നടന്നു. ജോസും ജയിംസും രാജുവും ഗാനങ്ങള്‍ ആലപിച്ചു. ബിന്ദ്യ പ്രസാദും സംഘവും അവതരിപ്പിച്ച നൃത്തങ്ങള്‍ പ്രശംസ പിടിച്ചുപറ്റി. റിംഗിള്‍ ബിജുവും സംഘവും അവതരിപ്പിച്ച ദേശീയ ഗാനാലാപത്തോടെ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍