ഫോമാ മാധ്യമ സെമിനാറില്‍ പത്രപ്രവര്‍ത്തകരുടെ വന്‍നിര
Wednesday, June 25, 2014 4:51 AM IST
ഫിലാഡല്‍ഫിയ: ഫോമാ കണ്‍വന്‍ഷനിലെ മാധ്യമ സെമിനാറില്‍ മാധ്യമ രംഗത്തെ ശ്രദ്ധേയ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. മലയാളത്തിലെ പ്രമുഖ പത്രദൃശ്യ മാധ്യമങ്ങളിലെ മുന്‍നിര വ്യക്തിത്വങ്ങള്‍ക്കു പുറമെ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരും ചടങ്ങിന് മാറ്റുകൂട്ടുവാന്‍ എത്തിച്ചേരും. 27ന് വെള്ളിയാഴ്ച രാവിലെ ഫിലാഡല്‍ഫിയയ്ക്കു സമീപമുള്ള കിംഗ് ഓഫ് പേഴ്സിയയിലെ വാലിഫോര്‍ജ് കാസിനോ കണ്‍വന്‍ഷന്‍ സെന്ററിലാണ് മാധ്യമ സെമിനാര്‍ നടക്കുന്നത്.

കേരളത്തിലെ ആദ്യ ദിനപത്രമായ ദീപികയുടെ ഡല്‍ഹി ബ്യൂറോ ചീഫ് ജോര്‍ജ് കള്ളിവയലില്‍, സന്തോഷ് ജോര്‍ജ്, കെ.എ. ഫ്രാന്‍സിസ് (മലയാള മനോരമ), കൈരളി ചാനലിന്റെ ചീഫ് എഡിറ്റര്‍ ജോണ്‍ ബ്രട്ടാസ് എന്നിവര്‍ മാധ്യമ സെമിനാറില്‍ പങ്കെടുത്തു ചര്‍ച്ച നയിക്കുകയും മാധ്യമ മേഖലയിലെ നൂതന രീതികളെക്കുറിച്ചു സംവദിക്കുകയും ചെയ്യും.

അമേരിക്കന്‍ പത്രപ്രവര്‍ത്തകരായ ജോയിച്ചന്‍ പുതുകുളം, ജോര്‍ജ് ജോസഫ്, ജോര്‍ജ് തുമ്പയില്‍, ജോര്‍ജ് കാക്കനാട്, സജി ഏബ്രഹാം തുടങ്ങിയവരും സെമിനാറില്‍ പങ്കെടുക്കും.

കേരളാ എക്സ്പ്രസ്, സംഗമം, ആഴ്ചവട്ടം, എമര്‍ജിംഗ് കേരളാ, മലയാളം വാര്‍ത്ത, മലയാളി, ജയ്ഹിന്ദ് എന്നിവയും ഓണ്‍ലൈന്‍ പത്രങ്ങളായ ഇമലയാളി, ജോയിച്ചന്‍ പുതുകുളം ഡോട്ട്കോം, അശ്വമേധം എന്നിവയില്‍നിന്നുള്ള പ്രതിനിധികളും മാധ്യമ സെമിനാറില്‍ പങ്കെടുക്കും. കൂടാതെ ഏഷ്യാനെറ്റ്, മലയാളം ഐപി ടിവി, ബൂം ടിവി, കൈരളി, അമൃതാ ചാനലുകളുടെ പ്രതിനിധികളും മാധ്യമ സെമിനാറില്‍ പങ്കെടുക്കും.

മാധ്യമ സെമിനാറിന്റെ വന്‍വിജയത്തിനായി വിപുലമായ കമ്മിറ്റി പപ്രവര്‍ത്തിക്കുന്നു. സജി ഏബ്രഹാം (ചെയര്‍മാന്‍), ജോര്‍ജ് ജോസഫ് (കോര്‍ഡിനേറ്റര്‍), ജോയിച്ചന്‍ പുതുകുളം (കോ ചെയര്‍മാന്‍) എന്നിവര്‍ ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.