ഹൂസ്റണ്‍ ഇമ്മാനുവല്‍ മാര്‍ത്തോമ പള്ളിക്ക് സ്റാഫോര്‍ഡ് സിറ്റിയുടെ അവാര്‍ഡ്
Tuesday, June 24, 2014 4:30 AM IST
ഹൂസ്റണ്‍: ഇമ്മാനുവല്‍ മാര്‍ത്തോമ പള്ളിക്ക് സ്റാഫോര്‍ഡ് സിറ്റിയുടെ ബ്യൂട്ടിഫിക്കേഷന്‍ അവാര്‍ഡ്. കഴിഞ്ഞ 20 വര്‍ഷമായി സ്റാഫോര്‍ഡ് സിറ്റിയുടെ പ്രധാന ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ദേവാലയവും ഓഡിറ്റോറിയവും സിറ്റിയുടെ നിയമാവലിക്കുള്ളില്‍നിന്നുകൊണ്ട് ഒരു തരത്തിലുമുള്ള പരിസ്ഥിതി പ്രശ്നങ്ങളും ഉണ്ടാക്കാതെ പരിസരം ശുചിത്വമായും മനോഹരമായും സൂക്ഷിച്ചതിനാണ് ഈ അവാര്‍ഡ്.

16 ഏക്കറോളം വരുന്ന സ്ഥലത്ത് ദേവാലയത്തിനു ചുറ്റും മനോഹരമായ പൂന്തോട്ടങ്ങള്‍ നിര്‍മിച്ച് മാതൃകാപരമായ പ്രവര്‍ത്തനമാണ് ഹൂസ്റണ്‍ ഇമ്മാനുവല്‍ മാര്‍ത്തോമ പള്ളി സമൂഹത്തിന് കാഴ്ചവച്ചതെന്ന് സിറ്റി കൌണ്‍സില്‍ അഭിനന്ദ സന്ദേശത്തില്‍ അറിയിച്ചു.

വികാരി റവ. സജു മാത്യു, വൈസ് പ്രസിഡന്റ് ജോജി ജോണ്‍, സെക്രട്ടറി ഐസക് തോമസ്, ട്രഷറര്‍ ടി.വി മാത്യു എന്നിവര്‍ ചേര്‍ന്ന് സിറ്റി മേയറില്‍നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. കഴിഞ്ഞ 20 വര്‍ഷക്കാലത്തെ ഇമ്മാനുവല്‍ ഇടവക ജനങ്ങളുടെ ഐക്യത്തിന്റേയും ഈ നാടിനോടുള്ള സമര്‍പ്പണത്തിന്റെയും പ്രകൃതി സ്നേഹത്തിന്റെയും പ്രതിഫലനമായി ദൈവം നല്‍കിയ സമ്മാനമാണ് ഈ അവാര്‍ഡ് എന്ന് റവ. സജു മാത്യു പറഞ്ഞു.

റിപ്പോര്‍ട്ട്: അലന്‍ ചെന്നിത്തല