'വിദ്യാഭ്യാസ കരിക്കുലത്തില്‍ ധാര്‍മിക പാഠങ്ങള്‍ ഉള്‍പ്പെടുത്തണം'
Monday, June 23, 2014 8:00 AM IST
കുവൈറ്റ്: വിദ്യാഭ്യാസ കരിക്കുലത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരും വിദ്യാഭ്യാസ വിചക്ഷകരും സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് കുവൈറ്റ് കേരള ഇസ് ലാഹി സെന്റര്‍ വിദ്യാഭ്യാസ വകുപ്പും വിദ്യാര്‍ഥി വിഭാഗമായ കുവൈറ്റ് ഇസ് ലാമിക് സ്റുഡന്റ്സ് മൂവ്മെന്റിന്റെയും ആഭിമുഖ്യത്തില്‍ കുവൈറ്റില്‍ ആരംഭിച്ച ഇന്‍സ്പെയര്‍ 2014 ചതുര്‍ദിന വിദ്യാര്‍ഥി സഹവാസ ക്യാമ്പ് ആവശ്യപ്പെട്ടു.

ധാര്‍മിക അവബോധങ്ങള്‍ പകര്‍ന്ന് നല്‍കല്‍ അത്യന്താപേക്ഷിതമാണെന്ന് ക്യാമ്പ് അഭിപ്രായപ്പെട്ടു. വ്യക്തി, കുടുംബം, സമൂഹം എന്നിവയുടെ ഉന്നമനത്തിനുവേണ്ടി വിദ്യാര്‍ഥി സമൂഹം ഇടപെടേണ്ട പ്രവര്‍ത്തന പദ്ധതികള്‍ക്ക് ക്യാമ്പ് രൂപം നല്‍കും. കുവൈറ്റ് കേരള ഇസ് ലാഹി സെന്റര്‍ പ്രസിഡന്റ് പി.എന്‍ അബ്ദുള്‍ ലത്തീഫ് മദനി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കുവൈറ്റ് മതകാര്യ വകുപ്പിന്റെ അതിഥിയായി കുവൈറ്റിലെത്തിയ എംഎസ്എം സംസ്ഥാന പ്രസിഡന്റ് ടി.കെ ത്വല്ഹത്ത് സ്വലാഹി അധ്യക്ഷത വഹിച്ചു. സെന്റര്‍ വിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് അസ് ലം കാപ്പാട്, എംഎസ്എം സംസ്ഥാന ക്യാമ്പസ് വിംഗ് ചെയര്‍മാന്‍ പി.കെ അംജദ് മദനി എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്