ഡോ. ജോര്‍ജ് മാത്യു, വര്‍ഗീസ് കുര്യന്‍ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ കണ്‍വീനര്‍മാര്‍
Monday, June 23, 2014 7:59 AM IST
ബഹ്റിന്‍: ഓഗസ്റ് 14, 15, 16, 17 തീയതികളില്‍ കോട്ടയത്തു നടക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്റെ ആദ്യ ഗ്ളോബല്‍ കണ്‍വന്‍ഷന്റെ കണ്‍വീനര്‍മാരായി വ്യവസായ പ്രമുഖരും സാംസ്കാരിക, സാമൂഹ്യപ്രവര്‍ത്തകരുമായ ഡോ. ജോര്‍ജ് മാത്യുവിനെയും വര്‍ഗീസ് കുര്യനേയും തെരഞ്ഞെടുത്തതായി പിഎംഎഫ് ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അറിയിച്ചു.

വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ സാമൂഹ്യ പ്രവര്‍ത്തനരംഗത്ത് പ്രവേശിച്ച ഡോ. ജോര്‍ജ് മാത്യു അറിയപ്പെടുന്ന രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക പ്രവര്‍ത്തനകാണ്. ഇന്ത്യന്‍ ഓവര്‍സീസ് കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ബഹ്റിന്‍), സ്ഥാപകന്‍, സിസിഐഎ എക്സിക്യൂട്ടീവ് കമ്മിറ്റി മെംബര്‍, ഇന്ത്യന്‍ കമ്യൂണിറ്റി റിലീഫ് ഫണ്ട് കോഓര്‍ഡിനേറ്റര്‍, ബഹ്റിന്‍ കേരളീയ സമാജം പ്രസിഡന്റ്, സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ബഹ്റിന്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബഹ്റിന്‍ കേരളീയ സമാജം ബിസിനസ് ഫോറം ചെയര്‍മാന്‍, ഫ്രന്റ്സ് ഓഫ് പത്തനംതിട്ട പ്രസിഡന്റ്, ഇന്ത്യന്‍ ഓവര്‍സീസ് കള്‍ച്ചറല്‍ കോണ്‍ഗ്രസ് അഡ്വൈസറി ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.

ബഹ്റിന്‍ ആസ്ഥാനമായുള്ള വികെഎല്‍ ഹോള്‍ഡിംഗ്സിന്റെ ചെയര്‍മാനും സാംസ്കാരിക പ്രവര്‍ത്തകനുമാണ് വര്‍ഗീസ് കുര്യന്‍. കൂടാതെ പത്തനംതിട്ട കേന്ദ്രീകരിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമാണ്.

റിപ്പോര്‍ട്ട്: അനില്‍ പെണ്ണൂക്കര