വിദേശികളുടെ ബാങ്ക് അക്കൌണ്ടുകളില്‍ ശക്തമായ നിരീക്ഷണം വേണം: സാമാ
Saturday, June 21, 2014 9:01 AM IST
ദമാം: സൌദിയിലെ വിദേശികളുടെ ബാങ്ക് അക്കൌണ്ടുകളില്‍ ശക്തമായ നിരീക്ഷണപേര്‍പ്പെടുത്തണമെന്ന് സൌദി മോണിറ്ററിംഗ് ഏജന്‍സി (സാമാ) നിര്‍ദേശിച്ചു. ബിനാമി ബിസിനസ് കണ്െടത്തുന്നതിനും അനധികൃത പണമിടാപാടുകള്‍ പിടികൂടുന്നതിനുമായി വിദേശികളുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ സാമാ, ആഭ്യന്തര മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം തുടങ്ങിയ വകുപ്പുകള്‍ക്ക് നല്‍കണമെന്ന് സാമാ നിര്‍ദേശിച്ചു.

വേതനത്തിലധികം പണം അയയ്ക്കുന്നവരുടെ അക്കൌണ്ടുകള്‍ പ്രത്യേകം വീക്ഷിക്കണമെന്നും അവരുടെ വിവരങ്ങള്‍ പ്രത്യേകം കൈമാറണമെന്നും സാമ നിര്‍ദേശിച്ചിട്ടുണ്ട്. സൌദിയിലെ വാണിജ്യസ്ഥാപനങ്ങളുടെ ഇടപാടുകളിലും പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ഇതു പ്രാബല്യത്തില്‍വരും.

സ്വദേശിവത്കരണ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാതെ വാണിജ്യ സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന് ബന്ധപ്പെട്ട ബലദിയ ക്കും മറ്റും ഉന്നത കേന്ദ്രങ്ങളില്‍നിന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സൌദിയിലെ വാണിജ്യ വ്യവസായ മേഖലയില്‍ വിദേശികളുടെ ശക്തമായ സാന്നിധ്യമുണ്ടന്നും പ്രത്യേകിച്ചും ചെറുകിട സ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്നത് വിദേശികളാന്നും കണ്െടത്തിയിട്ടുണ്ട്.

ബിനാമി ബിസിനസ് കണ്െടത്തുന്നതിന് സൌദി മന്ത്രി സഭാ നിര്‍ദേശം നല്‍കിയിരുന്നു. സൌദി വാണിജ്യ മന്ത്രാലയം പരിശോധന ആരംഭിക്കാനിരിക്കെയാണ് സാമായുടെ നിര്‍ദേശം.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം