സെന്റ് ഫ്രാന്‍സിസ് കബ്രിനി കത്തോലിക്കാ ദേവാലയത്തില്‍ അന്തോണീസിന്റെ തിരുനാള്‍ ആഘോഷിച്ചു
Friday, June 20, 2014 7:57 AM IST
ഹൂസ്റണ്‍: പാസദേനായിലേയും സമീപ പ്രദേശങ്ങളിലേയും ഇന്ത്യന്‍ സമൂഹം പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ പരമ്പരാഗത വിശ്വാസ നിറവില്‍ ഭക്ത്യാദരപൂര്‍വം സെന്റ് ഫ്രാന്‍സിസ് കബ്രിനി കത്തോലിക്കാ ദേവാലയത്തില്‍ ആഘോഷിച്ചു.

ഫാ. ഫ്രാങ്ക് ഫാബ്ളിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന തിരുനാള്‍ ദിവ്യബലിയില്‍ ഫാ. ചാക്കോ പുതുമയില്‍, ഫാ. ബെന്നി തടത്തില്‍കുന്നേല്‍, ഫാ. ജോസ് പെരിങ്ങറപിള്ളില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. വിശുദ്ധനോടുള്ള നവനാള്‍ പ്രാര്‍ഥനയ്ക്ക് ഫാ. ജോസ് പെരിങ്ങാറപള്ളില്‍ നേതൃത്വം നല്‍കി. ഷൈനി റസ്റത്തിന്റെയും സേവ്യര്‍ മത്തായിയുടെയും നേതൃത്വത്തിലുള്ള ഗായക സംഘം വിശ്വാസികളെ ആത്മീയ ഉണര്‍വിലേക്ക് നയിച്ചു.

ഹൂസ്റണിലെ സെന്റ് ഫ്രാന്‍സിസ് കബ്രിനി കത്തോലിക്ക ദേവാലയത്തില്‍ പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ തിരുനാളും നവനാള്‍ പ്രാര്‍ഥനകള്‍ മലയാളി സമൂഹത്തിന് നടത്തുന്നതിനുള്ള അനുവാദം നല്‍കിയ ഫാ. ഫ്രാങ്ക് ഫാബ്ളിനെ, ഫാ. ചാക്കോ പുതുമയില്‍ നന്ദി അറിയിച്ചു.

തിരുനാള്‍ മംഗളമായി നടത്താന്‍ സഹകരിച്ച എല്ലാവര്‍ക്കും മാസ്റര്‍ ടോം ജേക്കബ് നന്ദി പ്രകാശിപ്പിച്ചു. തിരുനാള്‍ ദിവ്യബലിക്കും നൊവേനയ്ക്കുംശേഷം വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണത്തില്‍ വിശ്വാസികള്‍ മെഴുകുതിരി കൈയിലേന്തി പങ്കുചേര്‍ന്നു. ജോസഫ് തോമസിന്റെ നേതൃത്വത്തില്‍ നടന്ന ചെണ്ടമേളം പ്രദക്ഷിണത്തിന് ഇന്ത്യന്‍ തനിമ നല്‍കി. തുടര്‍ന്ന് സ്നേഹവിരുന്നും നടന്നു.