കെഫാക് ഫുട്ബാള്‍ ലീഗ് കലാശപോരാട്ടത്തില്‍ സോക്കര്‍ കേരളയും ഫഹാഹീല്‍ ബ്രദേഴ്സും ഏറ്റുമുട്ടും
Thursday, June 19, 2014 7:56 AM IST
കുവൈറ്റ് : എട്ടുമാസക്കാലമായി കുവൈറ്റിലെ പ്രമുഖ മലയാളി ക്ളബുകള്‍ അണിനിരന്ന രണ്ടാമത് കെഫാക് ഫുട്ബാള്‍ ലീഗ് ഫൈനല്‍ മത്സരം ജൂണ്‍ 20 ന് (വെള്ളി) വൈകുന്നേരം ആറിന് മിഷറഫ് പബ്ളിക് അഥോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റേഡിയത്തില്‍ നടക്കും.

കഴിഞ്ഞ ദിവസം നടന്ന സെമിഫൈനല്‍ മത്സരത്തില്‍ വിജയിച്ച സോക്കര്‍ കേരളയും ഫഹാഹീല്‍ ബ്രദേഴ്സുമാണ് കലാശപോരാട്ടത്തില്‍ പോരടിക്കുന്നത്. ആദ്യ സെമിഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സിഎഫ്സി സാല്‍മിയയെ സോക്കര്‍ കേരള പരജായപ്പെടുത്തിയത്.

പരുക്കന്‍ അടവുകള്‍ ഏറെ കണ്ട കളിയില്‍ സിഎഫ്സിയുടെയും സോക്കര്‍ കേരളയുടെയും ഓരോ താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ടു. മത്സരത്തിന്റെ 21 -ാം മിനിറ്റില്‍ സെബാസ്റ്യന്റെ മികവില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയ സോക്കര്‍ കേരളയാണ് ആദ്യപകുതിയില്‍ മേധാവിത്വം പുലര്‍ത്തിത്. രണ്ടാം പകുതിയില്‍ എതിര്‍ പോസ്റ് ലക്ഷ്യം വച്ച് സിഎഫ്സി താരങ്ങള്‍ നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും സോക്കര്‍ കേരളയുടെ പ്രതിരോധത്തില്‍ തട്ടി തകരുകയായിരുന്നു. ആക്രമണ പ്രത്യാക്രമണങ്ങള്‍ക്കിടയില്‍ സോക്കര്‍ കേരള താരം സാജനിലൂടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു. ബോക്സിനുള്ളില്‍ ഫൌള്‍ ചെയ്തതിനെത്തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി സിഎഫ്സി. താരം ജയകുമാര്‍ വലയിലാക്കി. കളിയിലെ കേമനായി സോക്കര്‍ കേരള താരം സതീഷ് തെരഞ്ഞടുക്കപ്പെട്ടു.

രണ്ടാം സെമിയില്‍ ഫഹാഹീല്‍ ബ്രദേഴ്സ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് യംഗ് ഷൂട്ടേര്‍സിനെ പരാജയപ്പെടുത്തി. ടൂര്‍ണമെന്റിലുടനീളം മികച്ച രീതിയില്‍ പന്ത് തട്ടിയ യംഗ് ഷൂട്ടേര്‍സ് കാണികളെ നിരാശരാക്കുന്ന കളിയായിരുന്നു കാഴ്ചവച്ചത്. പ്രതിരോധ താരം രാജേഷ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ ശേഷം 10 പേരുമായി കളിച്ച യംഗ് ഷൂട്ടേഴ്സിനെ ഇന്‍സിമാമിന്റെ ഇരട്ട ഗോളുകള്‍ക്കാണ് ഫഹാഹീല്‍ ബ്രദേഴ്സ് കീഴടക്കിയത്. മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് ഫഹാഹീല്‍ ബ്രദേഴ്സ് താരം ജംഷീറിന് സമ്മാനിച്ചു.

കുവൈറ്റിലെ മുഴുവന്‍ മലയാളി ഫുട്ബോള്‍ പ്രേമികള്‍ക്കും കുടുംബസമേതം സെമിഫൈനല്‍ മത്സരങ്ങള്‍ വീക്ഷിക്കാന്‍ ഗാലറിയില്‍ സൌകര്യങ്ങള്‍ എര്‍പ്പെടുത്തിയിട്ടുണ്െടന്ന് കെഫാക് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 99708812, 97327238.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍