'വേനല്‍ത്തനിമ 2014' സമാപിച്ചു
Wednesday, June 18, 2014 7:39 AM IST
കുവൈറ്റ്: മധ്യവേനലവധിയോടനുബന്ധിച്ച് പ്രമുഖ സാംസ്കാരിക കൂട്ടായ്മയായ തനിമ കുവൈറ്റിലെ മലയാളി വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയ ത്രിദിന വ്യക്തിത്വ വികാസ നേതൃപരിശീലന ശില്‍പ്പശാല 'വേനല്‍ത്തനിമ 2014' വിജയകരമായി പരിസമാപിച്ചു.

പ്രശസ്ത വ്യക്തിത്വവികാസ പരിശീലകനും 41-ല്‍പരം പുസ്തകങ്ങളുടെ രചയിതാവുമായ വര്‍ഗീസ് പോള്‍ ഉദ്ഘാടനം ചെയ്ത ക്യാമ്പില്‍ ഒമ്പതിനും 28നും മധ്യേയുള്ള 211-ല്‍ പരം കുട്ടികള്‍ ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി പങ്കെടുത്തു.

ഓരോ വിഭാഗത്തെയും വീണ്ടും ചെറിയ ഗ്രൂപ്പുകളായി തിരിച്ച് വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ളാസുകളും പരിശീലന സെഷനുകളും ചര്‍ച്ചകളും സംവാദങ്ങളും നടന്നു. മാതാപിതാക്കളുടെ വിരല്‍തുമ്പില്‍ നിന്നും മോചനം നേടിയ കുട്ടികള്‍ തങ്ങളുടെ സര്‍ഗശേഷി മതിയാവോളം പ്രകടിപ്പിക്കുവാന്‍ ശ്രമിച്ചത് ശ്രദ്ധേയമായി. പാടിയും ആടിയും വര്‍ണവിസ്മയങ്ങള്‍ തീര്‍ത്തും ഓരോ ദിവസത്തെയും പരിപാടികള്‍ കോര്‍ത്തിണക്കി പിറ്റേന്ന് രാവിലെ ടിവി ഷോ അവതരിപ്പിച്ചും വര്‍ത്തമാനപത്രങ്ങളുണ്ടാക്കിയും റിപ്പോര്‍ട്ട് അവതരിപ്പിച്ചും അവര്‍ മറ്റൊരു ലോകത്തില്‍ പറന്നു നടന്നു.

വിവിധ സ്കൂളുകളിലെ അധ്യാപികമാര്‍, ഇതര ഉദ്യോഗസ്ഥകള്‍, വീട്ടമ്മമാര്‍ എന്നിവരുള്‍പ്പെടുന്ന 'പെണ്‍തനിമ' അംഗങ്ങളുടെ സഹകരണത്തോടെ വര്‍ഗീസ് പോള്‍, ബാബുജി ബത്തേരി, ഡി.കെ ദിലീപ്, ഷൈജു പള്ളിപ്പുറം, പ്രതാപന്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

മൂന്നാം ദിവസം വൈകിട്ട് നടന്ന സമാപന സമ്മേളനത്തില്‍ ക്യാമ്പ് അംഗം രാഹുല്‍ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വേനല്‍ത്തനിമ 2014 ന്റെ ജനറല്‍ കണ്‍വീനര്‍ ലാലു മാത്യു ഉദ്ഘാടനം ചെയ്തു. വര്‍ഗീസ് പോള്‍, ബാബുജി ബത്തേരി, ജോണി കുന്നില്‍, രഘുനാഥന്‍ നായര്‍, അംബിക മുകുന്ദന്‍ കുട്ടികളുടെ പ്രതിനിധികളായ അല്‍മ, അച്ചു, ജിനി, മീനാഷി, നീതു എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പ് റിപ്പോര്‍ട്ട് ബിനിത തോമസ് ക്യാമ്പ് അവലോകനം ജോവിത ജോസഫ്, സാറ സജി, ഫെബ എന്നിവര്‍ അവതരിപ്പിച്ചു. സ്വര്‍ണക്കൂട്ടിലെ വര്‍ണക്കിളികള്‍ എന്ന ടി.വി. സംവാദ പരിപാടിയില്‍ പങ്കെടുത്ത് തങ്ങളുടെ ചിന്തകള്‍ ലോകത്തെ അറിയിക്കാനായതിന്റെ സന്തോഷവും കുട്ടികള്‍ പങ്കുവച്ചു.

മികച്ച ക്യാമ്പ് അംഗങ്ങള്‍ക്കുള്ള ട്രോഫിക്ക് ലാമിയ ഡി ക്രൂസ്, രാഹുല്‍ രാജേന്ദ്രന്‍ (സീനിയ വിഭാഗം), നെബിന്‍ അലക്സ്, മൈക്കിള്‍ മനോ (ജൂണിയര്‍ വിഭാഗം) അര്‍ഹരായി.

ക്യാമ്പിനെക്കുറിച്ച് സനീഷ് ജോര്‍ജിന്റെ നേതൃത്വത്തില്‍ തയാറാക്കിയ ഡോക്കുമന്റിന്റെ ആദ്യപ്രതി ജിയോമോന്‍ ജോസഫിന് നല്‍കി മജു കരിപ്പാല്‍ പ്രകാശിപ്പിച്ചു. വര്‍ഗീസ് പോളിന് സോമു മാത്യു മൊമെന്റോ നല്‍കി ആദരിച്ചു. തനിമ അംഗങ്ങളും പെണ്‍തനിമ അംഗങ്ങളും ചേര്‍ന്ന് കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ഡോക്കുമെന്റും വിതരണം ചെയ്തു. കുട്ടികള്‍തന്നെ ചിട്ടപ്പെടുത്തിയ വിവിധ കലാപരിപാടികളും അരങ്ങേറി. വേനല്‍തനിമയുടെ ശീര്‍ഷകഗാനം എല്ലാ കുട്ടികളും ചേര്‍ന്ന് ആലപിച്ചു. നൌറിന്‍ കദീജ, ചെറിയാന്‍ ബിജോയി എന്നിവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു. ക്യാമ്പിനോടനുബന്ധിച്ച് മാതാപിതാക്കള്‍ക്കായി ഒരു പ്രത്യേക പരിശീലന അവബോധന ക്ളാസ് വര്‍ഗീസ് പോള്‍ നടത്തി.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്