നാമം അവാര്‍ഡുകള്‍ പാര്‍ത്ഥസാരഥി പിള്ളയ്ക്കും ഡോ. ജയനാരായണ്‍ജിക്കും
Wednesday, June 18, 2014 5:21 AM IST
ന്യൂജേഴ്സി: ഇരുപതില്‍ കൂടുതല്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു രേഖാ ജ്യോതിഷം നടത്തുകയും രണ്ടു ലക്ഷത്തില്‍ പരം വ്യക്തികളുടെ ഭാവി പ്രവചനം നടത്തുകയും മെഡിക്കല്‍ പാമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്ത ഡോ.ജയനാരായണ്‍ജിയെ നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ നാമം ജ്യോതിഷ കുലപതി അവാര്‍ഡ് നല്‍കി ആദരിക്കുന്നു. അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കാതെ ശാസ്ത്രീയമായ പഠനത്തിലൂടെ ജ്യോതിഷവും ആയുര്‍വേദവും കൂട്ടിയിണക്കിക്കൊണ്ട് സമൂഹത്തിനു പ്രയോജനപ്രദമായ രീതിയില്‍ നടത്തുന്ന പ്രവര്‍ത്തങ്ങളെ മാനിച്ചു കൊണ്ടാണ് ഈ പുരസ്കാരം നല്‍കുന്നത്. ഡോ.ജയനാരായണ്‍ജി, ആചാര്യ ആയുര്‍ ഗ്രാമം ഹോസ്പിറ്റല്‍ ആന്‍ഡ് പഞ്ചകര്‍മ സെന്റര്‍ പ്രെെവറ്റ് ലിമിറ്റഡിന്റെയും ആചാര്യ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഫ്യൂച്ച റോളജി യുടെയും ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ്.

മുപ്പത്തിയഞ്ചിലധികം വര്‍ഷങ്ങളായി നോര്‍ത്ത് അമേരിക്കയിലെ സാമൂഹിക സാംസ്കാരിക ആത്മീയ രംഗങ്ങളില്‍ പ്രവര്‍ത്തിച്ച് വരുന്ന ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ളയുടെ സേവനങ്ങളെ മാനിച്ച്, നാമം സംസ്കൃതി അവാര്‍ഡ് നല്കി അദ്ധേഹത്തെ ആദരിക്കും.വേള്‍ഡ് അയ്യപ്പ സേവ ട്രസ്റ് സ്ഥാപക പ്രസിഡന്റും കൂടിയായ ഗുരുസ്വാമി പിള്ളയുടെ സേവനങ്ങള്‍ എന്നും പ്രവാസി സമൂഹത്തിന് മുതല്‍ക്കൂട്ടായിട്ടുണ്ട് എന്ന് നാമം പ്രസിഡന്റ് മാധവന്‍ നായര്‍ പ്രസ്താവിച്ചു.

മാള്‍ബറോയിലെ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ജൂണ്‍ 21 മുതല്‍ 28 വരെ നാമം സംഘടിപ്പിക്കുന്ന ഭാഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ച് ഈ പുരസ്കാരങ്ങള്‍ നല്‍കും. ജൂണ്‍ 21ന് വൈകുന്നേരം 4 മണിയോടെ തുടക്കം കുറിക്കുന്ന യജ്ഞത്തില്‍ പങ്കെടുക്കാന്‍ ന്യൂജേഴ്സി, ന്യൂ യോര്‍ക്ക് , വാഷിങ്ങ്ടന്‍ ഡി. സി, ഫിലാഡെല്‍ഫിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ഭക്ത ജനങ്ങള്‍ എത്തുന്നുണ്ട്. മണ്ണടി ഹരിയാണ് യജ്ഞാചാര്യന്‍. ഭാഗവത പാരായണത്തിന് പുറമേ, വിശേഷാല്‍ പൂജകള്‍, അര്‍ച്ചനകള്‍, സാംസ്കാരിക സമ്മേളനം, ആധ്യാത്മിക ചര്‍ച്ചകള്‍ എന്നിവയുമുണ്ടാകും. ജാതി മത ഭേദമില്ലാതെ ഏവര്‍ക്കും യജ്ഞത്തില്‍ പങ്കെടുക്കാം. രെജിസ്ട്രേഷനും ഭക്ഷണവും സൌജന്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: മാധവന്‍ ബി നായര്‍: 732 718 7355, സഞ്ജീവ് കുമാര്‍: 732 306 7406.