ഫിലാഡല്‍ഫിയായില്‍ വി. യൂദാ തദേവൂസിന്റെ തിരുനാള്‍ ആഘോഷിച്ചു
Tuesday, June 17, 2014 7:27 AM IST
ഫിലാഡല്‍ഫിയ: മലങ്കര കത്തോലിക്ക ഇടവകയുടെ സ്വര്‍ഗീയ മധ്യസ്ഥനും അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനുമായ വിശുദ്ധ യൂദാ തദേവൂസിന്റെ തിരുനാള്‍ ജൂണ്‍ 14, 15 തീയതികളിലായി ഇടവക സമൂഹം ഭക്ത്യാദരപൂര്‍വം ആഘോഷിച്ചു.

ഇടവക വികാരി റവ. തോമസ് മലയില്‍ കൊടിയേറ്റിയതോടെ പെരുന്നാളിന് തുടക്കമായി.

14ന് (ശനി) സന്ധ്യപ്രാര്‍ഥനയ്ക്കുശേഷം നടന്ന വി. കുര്‍ബാന, നൊവേന, വചന പ്രഘോഷണം, ആരാധന എന്നിവയ്ക്ക് ഇടവക വികാരി റവ. തോമസ് മലയില്‍, റവ. സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി. ദൈവികാനുഭവം പുമഴയായി പെയ്തിറങ്ങിയ സന്തോഷ് അച്ചന്റെ വചനപ്രഘോഷണം നിരവധി പേര്‍ക്ക് നവ്യാനുഭവമായി. തുടര്‍ന്ന് അത്താഴവിരുന്നും കരിമരുന്ന് കലാപ്രകടനവും നടന്നു.

15ന് (ഞായര്‍) നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ദേവാലയത്തിലെത്തിയ യൌസേബിയോസ് മെത്രാപോലീത്തായേയും മാര്‍ത്തോമ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് സുന്ദരത്തേയും വികാരി റവ. തോമസ് മലയില്‍, ഇടവക സെക്രട്ടറി ജോണ്‍ സാമുവല്‍, ട്രസ്റി മാത്യു തോമസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്നുനടന്ന തിരുനടന്ന തിരുനാള്‍ കുര്‍ബാനക്ക് മെത്രാപോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. മോണ്‍. ജോസഫ് സുന്ദരം, റവ. ഏബ്രഹാം ലൂക്കോസ്, റവ. തോമസ് മലയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്ന് വിശുദ്ധന്റെ തിരസ്വരൂപവും വഹിച്ച് ആഘോഷമായ പ്രദക്ഷിണവും നടന്നു.

തിരുനാളിനോടനുബന്ധിച്ച് ഫാദേഴ്സ് ഡേ സെലിബ്രേഷനും ആഘോഷിച്ചു. സണ്‍ഡേ സ്കൂള്‍ കുട്ടികളെ പ്രതിനിധീകരിച്ച് കൃപ സൈമണ്‍, മാതൃവേദിയെ പ്രതിനിധീകരിച്ച് ഷീന ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. ടെസി ഫിലിപ്പ്, സിറിള്‍ ഫിലിപ്പ് എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. ഇടവക സെക്രട്ടറി ജോണ്‍ സാമുവല്‍ നന്ദി പറഞ്ഞു. സ്നേഹവിരുന്നോടെ ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍