ബഷീര്‍ കാടേരിയെയും അബ്ദുറഹ്മാന്‍ തുറക്കലിനെയും ആദരിച്ചു
Monday, June 16, 2014 6:52 AM IST
ജിദ്ദ: മികച്ച ഫോട്ടോഗ്രഫിക്കുള്ള കേരള ലളിത കലാ അക്കാഡമിയുടെ പുരസ്കാരം നേടിയ ചിത്രകാരനും ഫോട്ടോഗ്രാഫറുമായ ബഷീര്‍ കാടേരിയെയും മലയാളത്തിലെ ഇസ്ലാമിക സാഹിത്യത്തിന് സംഭാവനകളര്‍പ്പിച്ച എഴുത്തുകാരനും 'ഗള്‍ഫ് മാധ്യമം' ജിദ്ദ ബ്യൂറോ റിപ്പോര്‍ട്ടറുമായ അബ്ദുറഹ്മാന്‍ തുറക്കലിനെയും തനിമ കലാ സാംസ്കാരിക വേദി ജിദ്ദ സൌത്ത്സോണ്‍ ആദരിച്ചു.

ബഷീറിന്റെ ഗതകാല ജീവിതത്തിന്റെ ഓര്‍മക്കുറിപ്പ് (എ റിമമ്പറന്‍സ് ഓഫ് ഓള്‍ഡ് കസ്റംസ്) എന്ന ശീര്‍ഷകത്തിലുള്ള ഫോട്ടോയ്ക്കാണ് അവാര്‍ഡ് ലഭിച്ചത്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ലഭിച്ച 120 അപേക്ഷകളില്‍നിന്നാണ് ബഷീറിന്റെ ചിത്രം ഒന്നാം സ്ഥാനം നേടിയത്. വോയ്സ് ഓഫ് ഇന്ത്യ ഫോട്ടോഗ്രഫി പുരസ്കാരം, നവോദയ ഈസ്റ്റേണ്‍ പ്രൊവിന്‍സ് ഫോട്ടോഗ്രഫി പുരസ്കാരം, മാധ്യമം ഓണ്‍ലൈന്‍ ഫോട്ടോഗ്രഫി അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. പെയിന്റിംഗിലും കാര്‍ട്ടുണ്‍ രചനയിലും പുരസ്കാരങ്ങള്‍ നേടിയ ബഷീര്‍ സ്വദേശത്തും വിദേശത്തുമായി നിരവധി ഫോട്ടോ പ്രദര്‍ശനങ്ങളും നടത്തിയിട്ടുണ്ട്. ജിദ്ദയില്‍ ഫോട്ടോഗ്രാഫറായി ജോലിചെയ്യുന്ന ബഷീര്‍ മലപ്പുറം തിരൂരങ്ങാടി സ്വദേശിയാണ്. ഭാര്യ മലപ്പുറം രണ്ടത്താണി സ്വദേശി മറിയം. മക്കള്‍: ഫാത്തിമ ജന്ന, മുഹമ്മദ് മിശ്അല്‍.

ജിദ്ദയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അബ്ദുറഹ്മാന്‍ തുറക്കല്‍ 1995 മുതല്‍ ആനുകാലിങ്ങളില്‍ എഴുതിവരുന്നു. 'ഗള്‍ഫ് മാധ്യമം' തുടങ്ങിയതു മുതല്‍ ജിദ്ദ ബ്യൂറോ അംഗമാണ്. പ്രബോധനം, ആരാമം, ഗള്‍ഫ് മാധ്യമം എന്നിവയില്‍ നിരവധി ലേഖനങ്ങളും വിവര്‍ത്തനങ്ങളും പ്രസിദ്ധീകരിച്ചു. കേരളത്തിലെ പ്രമുഖ ഇസ്ലാമിക പ്രസിദ്ധീകരണാലായമായ ഐപിഎച്ച് പ്രസിദ്ധീകരിച്ച 'ഹിജ്റ: ചരിത്രവും പാഠവും' എന്ന പുസ്തകത്തിന് പുറമെ പ്രശസ്ത പണ്ഡിതനും ചിന്തകനുമായ ഡോ. യൂസുഫുല്‍ ഖറദാവിയുടെ 'സമയം: വിശ്വാസിയുടെ ജീവിതത്തില്‍', 'ഇസ്ലാമും കലയും' എന്നീ പുസ്തകങ്ങള്‍ മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിച്ചു. പ്രശസ്ത ഈജിപ്ഷ്യന്‍ എഴുത്തുകാരിയും ചിന്തകയും കിംഗ് ഫൈസല്‍ അവാര്‍ഡ് ജേതാവുമായ ബിന്‍ത് ശാത്വിന്റെ (ഡോ. ആയിശ അബ്ദുറഹ്മാന്‍) 'പ്രവാചക പുത്രിമാര്‍' എന്ന പുസ്തകം വിവര്‍ത്തനം നടത്തി. തൃശൂരിലെ വിചാരം ബുക്സാണ് ഇത് പ്രസിദ്ധീകരിച്ചത്. മലപ്പുറം ജില്ലയിലെ കൊണ്േടാട്ടിക്കടുത്ത തുറക്കല്‍ സ്വദേശിയായ അബ്ദുറഹ്മാന്‍ തുറക്കല്‍ നിരവധി ഗ്രന്ഥങ്ങളുടെ പണിപ്പുരയിലാണ്. കൊണ്േടാട്ടി മര്‍ക്കസുല്‍ ഉലും കോളജില്‍ നിന്ന് അഫ്ദലുല്‍ഉലമ ബിരുദം നേടിയ ശേഷം റിയാദിലെ കിംഗ് സുഊദ് യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനം നടത്തി. ഭാര്യ: സി.കെ. നജ്മ. മക്കള്‍: നദ, നസീം സ്വബാഹ്, ഷഹബാസ്, നൌഫ.

ജിദ്ദയില്‍ നടന്ന ചടങ്ങില്‍ തനിമ കേന്ദ്ര പ്രസിഡന്റ് സി.കെ മുഹമ്മദ് നജീബ് അബ്ദുറഹ്മാന്‍ തുറക്കലിനും തനിമ ജിദ്ദ സൌത്ത് സോണ്‍ പ്രസിഡന്റ് സഫറുള്ള മുള്ളോളി ബഷീര്‍ കാടേരിക്കും ഉപഹാരം കൈമാറി. മഹ്ബൂബ് പത്തപ്പിരിയം, പി.പി ഹൈദരലി എന്നിവര്‍ യഥാക്രമം ബഷീര്‍ കാടേരിയെയും അബ്ദുറഹ്മാന്‍ തുറക്കലിനെയും പരിചയപ്പെടുത്തി. നജ്മുദ്ദീന്‍ അമ്പലങ്ങാടന്‍ ചടങ്ങിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍