ബാച്ച് ചാവക്കാട് ആറാമത് വാര്‍ഷികം ആഘോഷിച്ചു
Monday, June 16, 2014 6:42 AM IST
അബുദാബി: ബാച്ച് ചാവക്കാട് ആറാമത് വാര്‍ഷിക ആഘോഷവും പുതിയ ഭരണ സമിതിയുടെ പ്രവര്‍ത്തനോദ്ഘാടനവും കേരളാ സോഷ്യല്‍ സെന്ററില്‍ നടന്നു. ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ അബുദാബിയിലെ പ്രവാസികളുടെ കൂട്ടായ്മയാണു ബാച്ച് ചാവക്കാട്.

പ്രസിഡന്റ് എം.കെ. ഷറഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഫാത്തിമ ഗ്രൂപ്പ് ചെയര്‍മാന്‍ ഇ.പി. മൂസക്കുട്ടി ഹാജി ബാച്ച് മീറ്റ് ഉദ്ഘാടനം ചെയ്തു. ഷബീര്‍ മാളിയേക്കല്‍ ആമുഖ പ്രഭാഷണം ചെയ്തു. ജനറല്‍ സെക്രട്ടറി ബഷീര്‍ കുറുപ്പത്ത് സ്വാഗതം ആശംസിച്ചു. മാധ്യമശ്രീ പുരസ്കാര ജേതാവായ പി.എം. അബ്ദുള്‍ റഹ്മാന്‍, സംഗീത സംവിധായകന്‍ നൌഷാദ് ചാവക്കാട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ബാച്ച് അംഗങ്ങളുടെ കുട്ടികളില്‍ നിന്നും 10, 12 ക്ളാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ മാസ് എഡ്യൂക്കേഷന്‍ സെന്റര്‍ മെറിറ്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. കെഎസ്സി പ്രസിഡന്റ് എം.യു. വാസു, ജമാല്‍ മാളിയേക്കല്‍, ദുബായ് ഷോപ്പിംഗ് ഫെസ്റിവല്‍ ബെസ്റ് ഫോട്ടോഗ്രാഫര്‍ അവാര്‍ഡ് ജേതാവും ചാവക്കാട് പ്രവാസി ഫോറം ചെയര്‍മാനുമായ കമാല്‍ കാസിം, അബ്ദുട്ടി കൈതമുക്ക് എന്നിവര്‍ ആശംസ നേര്‍ന്നു പ്രസംഗിച്ചു.

നൌഷാദ് ചാവക്കാടിന്റെ നേതൃത്വത്തില്‍ പ്രമുഖ ഗായകര്‍ പങ്കെടുത്ത ഗാനമേളയും ശാസ്ത്രീയ സിനിമാറ്റിക് നൃത്ത നൃത്യങ്ങള്‍, ഒപ്പന, കോല്‍ക്കളി, എന്നിവയും അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി. ബാബുരാജ്, സി. സാദിക് അലി, സുനില്‍ നംബീരകത്ത്, ഷാഹുല്‍ പാലയൂര്‍, കെ.എം. മൊയിനുദീന്‍, സിദ്ധീഖ് ചേറ്റുവ, കെ.പി. സക്കരിയ, സി.എം. അബ്ദുള്‍ കരീം തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. രക്ത ദാനം മഹാ ദാനം എന്ന മുദ്രാവാക്യവുമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് എം. കെ. ഷറഫുദ്ദീന്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള