സമൂഹത്തില്‍ മാധ്യമങ്ങളുടെ ഉത്തരവാദിത്വം വലുതാണെന്ന് സ്ഥാനപതി ടി.പി.സീതാറാം
Sunday, June 15, 2014 12:55 AM IST
അബുദാബി: സമൂഹത്തില്‍ മാധ്യമങ്ങളുടെ ഉത്തരവാദിത്വം വളരെ വലുതാണെന്ന് ഇന്ത്യന്‍ സ്ഥാനപതി ടി.പി.സീതാറാം. എല്ലായിടത്തും മാധ്യമങ്ങള്‍ക്കു വളരെ പ്രാധാന്യമായൊരു ഒരു റോളുണ്ട്. ഇത്യയുമധികം ഇന്ത്യക്കാരുള്ള യുഎഇയില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതും വളരെ പ്രാധാന്യമുള്ള കാര്യമാണ്. ഉത്തരവാദിത്വം നിര്‍വഹിക്കുന്ന മാധ്യമ പ്രവര്‍ത്തകരാണ് യുഎഇയിലുള്ളതെന്നതില്‍ അഭിമാനമുണ്ട്. ഏതെങ്കിലും വിഷയങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്താല്‍ അതിന്റെ പ്രത്യാഘാതം ലക്ഷക്കണക്കിനു ഇന്ത്യക്കാരെയാവും ബാധിക്കുകയെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

മലയാളി സമാജം ഓഡിറ്റോറിയത്തില്‍ ഇന്ത്യന്‍ മീഡിയ അബുദാബിയുടെ രക്ഷാധികാരിസ്ഥാനം ഏറ്റെടുത്തശേഷം 2014- 2015 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അംബാസഡര്‍ ടി.പി.സീതാറാം.

എംബസി ചെയ്യുന്ന ജോലികള്‍ക്കു മാധ്യമങ്ങളുടെ താങ്ങും സഹായവും വലുതാണ്. മാധ്യമ സഹായമില്ലാതെ എംബസിക്കു പല കാര്യങ്ങളും ചെയ്യാന്‍ കഴിയില്ലെന്നും സ്ഥാനപതി ചൂണ്ടിക്കാട്ടി. യുഎഇയില്‍ വന്നപ്പോള്‍ മുതല്‍ വളരെ ആരോഗ്യകരമായ സഹകരണമാണ് ഇന്ത്യ മീഡിയ അബുദാബിയും ദുബായ് മീഡിയാ ഫോറവും ഇന്ത്യന്‍ എംബസിക്കു നല്‍കുന്നത്.

ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡന്റ് ടി.എ.അബ്ദുല്‍ സമദ് അധ്യക്ഷത വഹിച്ചു. ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് ഡി.നടരാജന്‍, ഇന്ത്യന്‍ ഇസ്ളാമിക് സെന്റര്‍ പ്രസിഡന്റ് പി.ബാവഹാജി, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം.യു.വാസു, മലയാളി സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ്, മുന്‍ പ്രസിഡന്റ് ടി.പി.ഗംഗാധരന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.ജനറല്‍ സെക്രട്ടറി ആഗിന്‍ കീപ്പുറം സ്വാഗതവും ട്രഷറര്‍ അനില്‍ സി.ഇടിക്കുള നന്ദിയും പറഞ്ഞു.മീനാക്ഷി ജയകുമാര്‍ പ്രാര്‍ഥനാ ഗാനം ആലപിച്ചു.

ഇതോടനുബന്ധിച്ചു മലയാളി സമാജവുമായി സഹകരിച്ചു നടത്തിയ ചൈല്‍ഡ് ഓണ്‍ലൈന്‍ പ്രൊട്ടക്ഷന്‍ ബോധവല്‍ക്കരണ പരിപാടി മലയാളി സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഡെവലപ്പിങ് ഇന്റര്‍നെറ്റ് സേഫ് കമ്യൂണിറ്റി (ഡിസ്ക്) ഫൌണ്േടഷന്‍ സിഇഒ മുഹമ്മദ് മുസ്തഫ വിഷല്‍ മീഡിയയുടെ സഹായത്തോടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കല്‍സ് നടത്തി. പ്രൊജക്ട് കോര്‍ഡിനേറ്റര്‍മാരായ പി.എം.അബ്ദുല്‍ റഹ്മാനും ടി.പി.ഗംഗാധരനും സ്വാഗതം പറഞ്ഞു. ജോയിന്റ് സെക്രട്ടറി മുനീര്‍ പാണ്ട്യാല, എക്സിക്യുട്ടീവ് മെമ്പര്‍മാരായ ജോണി തോമസ്, അഹ്മദ് കുട്ടി,ജിസ് ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള