ക്രിസ്റ്റി ലൂക്കോസ്, അഞ്ജലി കോശി സണ്ണിവെയ്ല്‍ ഹൈസ്കൂള്‍ വാലിഡിക്ടോറിയന്‍, സലുറ്റ റ്റോറിയന്‍
Saturday, June 14, 2014 8:29 AM IST
സണ്ണിവെയ്ല്‍ (ടെക്സസ്): സണ്ണി വെയ്ല്‍ ഇന്‍ഡിപെന്റഡ് സ്കൂള്‍ ഡിസ്ട്രിക്ട് ഹൈസ്കൂള്‍ ഗ്രാജുവേഷനില്‍ മലയാളികളായ ക്രിസ്റ്റി ലൂക്കോസ്, അഞ്ജലി ആന്‍ കോശി എന്നിവര്‍ക്ക് ഏറ്റവും ഉയര്‍ന്ന സ്ഥാനങ്ങള്‍ ലഭിച്ചു.

ക്രിസ്റ്റി ലൂക്കോസ് ഒന്നാം സ്ഥാനമായ വാലിഡിക്ടോറിയനും അഞ്ജലി ആന്‍ കോശി രണ്ടാം സ്ഥാനമായ സലുറ്റ റ്റോറിയനും പങ്കിട്ടു.

സണ്ണി വെയ്ല്‍ സ്കൂളില്‍ തുടര്‍ച്ചയായി നാലാം തവണയാണ് മലയാളികള്‍ ഒന്നാം സ്ഥാനത്തെത്തുന്നത്.

സണ്ണി വെയ്ല്‍ കാഡൊ ലെയ്നില്‍ താമസിക്കുന്ന ബെന്നി ലൂക്കോസിന്റേയും മിനിമോള്‍ ലൂക്കോസിന്റെയും മകളാണ് ക്രിസ്റ്റി. ക്രിസ് ലൂക്കോസ് ഏക സഹോദരനാണ്.

ബയോളജി, സൈക്കോളജി എന്നീ വിഷയങ്ങളില്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്സസില്‍ (ഡാളസ്) ബിരുദ പഠനം തുടരുന്നതിനാണ് ക്രിസ്റ്റി തീരുമാനിച്ചിരിക്കുന്നത്. ഗാര്‍ലന്റ് സെന്റ് തോമസ് കാത്തലിക്ക് ചര്‍ച്ച് അംഗമാണ്.

ഫൊക്കാന, ഡാളസ് കേരള അസോസിയേഷന്‍ എന്നീ സംഘടനകളില്‍ സജീവ സാന്നിധ്യമായ മാത്യു കോശിയുടേയും താര കോശിയുടെയും മകളാണ് അഞ്ജലി ആന്‍ കോശി.

ബയോളജി ഐച്ഛീക വിഷയമായെടുത്ത് യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് (ഡാളസില്‍) ചേര്‍ന്ന് പഠിക്കുവാനാണ് അഞ്ജലിയുടെ തീരുമാനം. അരുണ്‍ കോശി ഏക സഹോദരനാണ്. സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് അംഗമാണ്.

സമര്‍ഥരായ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സണ്ണിവെയ്ല്‍ ഹൈസ്കൂളില്‍ മലയാളി വിദ്യാര്‍ഥികള്‍ എല്ലാ രംഗങ്ങളിലും ഉയര്‍ന്ന നിലവാരമാണ് പുലര്‍ത്തുന്നത്. സമീപ കാലത്താണ് സണ്ണി വെയ്ല്‍ ഐസ്ഡിയില്‍ ഹൈസ്കൂളിന് പദവി ലഭിച്ചത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍