ക്നാനായ കണ്‍വന്‍ഷന് വിജയാശംസകള്‍: ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയാര്‍ക്കീസ് ബാവ
Friday, June 13, 2014 8:04 AM IST
ടാമ്പാ: ലോക അത്ഭുതങ്ങളില്‍ ഒന്നായി വിളങ്ങുന്ന ക്നാനായ സമുദായം കാലാന്തരങ്ങള്‍ കഴിഞ്ഞാലും പതിന്മടങ്ങ് ശോഭയോട് വിരാചിച്ചുനില്‍ക്കുമെന്നും ഈ സമുദായത്തിന്റെ മഹിമയേയും പാരമ്പര്യങ്ങളെയും വിശ്വാസതീക്ഷണതയേയും നശിപ്പിക്കുവാന്‍ ഒരു ശക്തിക്കും സാധ്യമല്ലെന്നും ദൈവപരിപാലനയാല്‍ ഈ സമൂഹം സംരക്ഷിക്കപ്പെടുമെന്നും ആഗോള സുറിയാനിസഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയാര്‍ക്കീസ് ബാബ പ്രസ്താവിച്ചു.

ജൂലൈ ആദ്യവാരം ഷിക്കാഗോയിലെ മക്കോര്‍മിക് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന കെസിസിഎന്‍എ കണ്‍വന്‍ഷനിലേക്കുള്ള ക്ഷണം കെസിസിഎന്‍എ പ്രസിഡന്റ് ടോമി മ്യാല്‍ക്കരപ്പുറത്തിന്റെ പക്കല്‍നിന്നും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടാമ്പായില്‍ ഹ്രസ്വസന്ദര്‍ശനത്തിനെത്തിയ ആഗോള സുറിയാനിസഭയുടെ 123-ാമത് പാത്രിയാര്‍ക്കീസായ പരിശുദ്ധ പിതാവ് വടക്കേ അമേരിക്കയിലെ ക്നാനായ സമുദായത്തിന്റെ വളര്‍ച്ചയിലും അസ്തിത്വത്തിലും അതീവ തല്പരരാണെന്നും വടക്കേ അമേരിക്കയിലെ ക്നാനായ സമൂഹത്തിന്റെ മഹനീയതയിലും വംശശുദ്ധിയിലും അഭിമാനം കൊള്ളുന്നു എന്നും അറിയിക്കുകയുണ്ടായി.

വടക്കേ അമേരിക്കയിലെ ക്നാനായ സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങളെയും അവരുടെ പരാതികളെയും കുറിച്ച് വ്യക്തമായ അവബോധമുള്ള പരിശുദ്ധ പിതാവ് ക്നാനായ കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ ശ്രമിക്കുന്നതാണെന്നും സാധിച്ചില്ലെങ്കില്‍ സുറിയാനിസഭയുടെ ഭദ്രാസനത്തില്‍നിന്നും പ്രതിനിധികളെ അയയ്ക്കുന്നതാണെന്നും കെസിസിഎന്‍എ പ്രസിഡന്റിനെ അറിയിച്ചു.

ആഗോള സുറിയാനി സഭയുടെ പരമാധ്യക്ഷനായ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയാര്‍ക്കീസ് ബാബയുടെ അനുഗ്രഹവും പ്രാര്‍ഥനയും ക്നാനായ കണ്‍വന്‍ഷന് ഒരു അനുഗ്രഹമാണെന്നും വടക്കേ അമേരിക്കിയിലെ മുഴുന്‍ ക്നാനായ മക്കളുടെപേരിലും പുതുതായി ചാര്‍ജെടുത്ത പരിശുദ്ധ പിതാവിന് കെസിസിഎന്‍എ പ്രസിഡന്റ് ആശംസകള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സൈമണ്‍ മുട്ടത്തില്‍