കെപിഎല്‍ സീസണ്‍ 3: ഡസേര്‍ട്ട് ബുള്‍സ് ചാമ്പ്യന്മാര്‍
Tuesday, June 10, 2014 8:11 AM IST
കുവൈറ്റ് സിറ്റി: കുവൈറ്റ് പ്രീമിയര്‍ ലീഗ് (കെപിഎല്‍) സീസണ്‍ ത്രീയുടെ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ റോംഗ് ഇലവനെ ഏഴു വിക്കറ്റിനു പരാച്ചയപ്പെടുത്തി ഡസേര്‍ട്ട് ബുള്‍സ് ജേതാക്കളായി. നാലുമാസത്തോളമായി കുവൈറ്റിലെ വിവിധ ഗ്രൌണ്ടുകളിലായി നടന്ന മത്സരത്തില്‍ 28 ടീമുകള്‍ രണ്ടു ഗ്രൂപ്പുകളിലായാണ് മത്സരിച്ചത്. കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി ഡസേര്‍ട്ട് ബുള്‍സ് ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ രണ്ടാംസ്ഥാനക്കാരായ വിന്നേര്‍സ് ഇന്റര്‍നാഷനലിനെ പരാജയപ്പെടുത്തി റോംഗ് ഇലവന്‍ കലശപ്പോരാട്ടത്തിനു യോഗ്യത നേടുകയായിരുന്നു. ഫൈനല്‍ മത്സരത്തില്‍, ടൂര്‍ണമെന്റില്‍ മാറ്റുരച്ച ടീമുകളുടെ ക്യാപ്റ്റന്മാര്‍ ചേര്‍ന്ന് കളിക്കാരെ പരിചയപ്പെട്ടു, ഇവരെ കമ്മിറ്റി അംഗങ്ങളായ, സമീയുല്ല കെ.വി, ശുഹൈബ് അയ്യൂബ്, ഷബീര്‍ ബഷീര്‍ എന്നിവര്‍ അനുഗമിച്ചു.

ടോസ് നേടി ബോളിംഗ് തെരഞ്ഞെടുത്ത ഡസേര്‍ട്ട് ബുള്‍സ് റോംഗ് ഇലവനെ നിശ്ചിത പതിനാറോവറില്‍ 104 റണ്‍സിനു തളച്ചിടുകയായിരുന്നു. സെമിഫൈനല്‍ മത്സരത്തിലെ ബാറ്റിംഗ് പാടവം ഫൈനലില്‍ ആവര്‍ത്തിക്കാന്‍ റോംഗ് ഇലവന് സാധിച്ചില്ല. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരനായ സഫീര്‍ (22) സനീഷ് (26) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം നേടാനായത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഡസേര്‍ട്ട് ബുള്‍സ് ക്യാപ്റ്റന്‍ ഹൈസമിന്റെ (പുറത്താകാതെ 35) യും ഹസന്റെയും (39) ബാറ്റിംഗ് മികവില്‍ 13 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.

ടൂര്‍ണമെന്റിലുടനീളം ഉജ്വല പ്രകടനം കാഴ്ചവച്ച റാഹില്‍ കാസി (മാന്‍ ഓഫ് ദ സീരിസ്), സഫീര്‍ മുഹമ്മദ് (മികച്ച ബാറ്റ്സ്മാന്‍) ആസിഫ് ഇബ്രാഹിം (മികച്ച ബൌളര്‍) ഹൈസം (മാന്‍ ഓഫ് ദ മാച്ച്) എന്നിവരെ തെരെഞ്ഞെടുത്തു.

കുവൈറ്റിലെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കത്തിന്റെ ആവേശകരമായ ഫൈനലിലെ വിജയികള്‍ക്കുളള സമ്മാന വിതരണം ടൂര്‍ണമെന്റ് സ്പോണ്‍സര്‍മാരായ ഫൈസല്‍ വിന്നേര്‍സ് (വിന്നേര്‍സ് ഗ്രൂപ്പ്) അഷ്റഫ് മുഹമ്മദ് (സ്പോര്‍ട്സ് സ്റാര്‍ സെന്റര്‍), ആസിഫ് (പ്രൊ സ്പോര്‍ട്സ്) മുഹമ്മദ് (ബയാന്‍ റസ്ററന്റ്) എന്നിവര്‍ നിര്‍വഹിച്ചു. സമാപന ചടങ്ങില്‍ നിയാസ് ലത്തീഫ് സ്വാഗതവും സാബു മുഹമ്മദ് നന്ദിയും പറഞ്ഞു. ഫൈനല്‍ മത്സരം റസാക്ക്, മന്‍സൂര്‍ നാസര്‍ എന്നിവര്‍ നിയന്ത്രിച്ചു.

കെപിഎല്‍ സീസണ്‍ 4, ഓഗസ്റ് രണ്ടാം വാരത്തില്‍ ആരംഭിക്കും. താത്പര്യമുളള ടീമുകള്‍ 97494035 എന്ന നമ്പറില്‍ ബന്ധപ്പെടനമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍