'കുട്ടികളെ നേതൃത്വ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം'
Tuesday, June 10, 2014 8:10 AM IST
ആര്‍ലിംഗ്ടണ്‍ (ടെക്സസ്) : കുട്ടികളെ നേതൃത്വ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ചെറുപ്രായത്തിലെ മാതാപിതാക്കള്‍ക്ക് കഴിയണമെന്ന് ഡോ. ലൂക്കോസ് മന്നിയോട്ട് ഉദ്ബോധിപ്പിച്ചു.

ടെക്സസിലെ ആര്‍ലിംഗ്ടണില്‍ ട്രിനിറ്റി ഹോളില്‍ യുവജനങ്ങളുടെയും മാതാപിതാക്കളുടെയും സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികളായ മാതാപിതാക്കള്‍ അവരുടെ ജോലിയിലും കുട്ടികളുടെ വിദ്യാഭ്യാസത്തിലും സാമ്പത്തിക ഭദ്രതയിലുമാണ് സ്ഥാനം കൊടുക്കുന്നത്. എന്നാല്‍ അമേരിക്കയിലെ രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ അനന്തമായ സാധ്യതകള്‍കൂടി നാം പ്രയോജനപ്പെടുത്തേണ്ടിയിരിക്കുന്നു. അതില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മാതാപിതാക്കള്‍ അവരുടെ കുട്ടികളെ അത്തരത്തില്‍ അഭ്യസിപ്പിക്കുന്നതില്‍ ശ്രദ്ധ കൊടുക്കുന്നു. അതുമൂലം നല്ലൊരു ശതമാനം യുവജനങ്ങള്‍ അമേരിക്കയില്‍ രാഷ്ട്രീയ, സാമൂഹിക, ആരോഗ്യ മേഖലകളില്‍ ഉന്നത സ്ഥാനം അലങ്കരിക്കുന്നുണ്ട്.

പഠനത്തോടൊപ്പം തന്നെ നേതൃത്വപാഠവും സാമൂഹിക ബന്ധങ്ങളും വളര്‍ത്തിയെടുക്കുവാനും പൊതുസമ്മേളനങ്ങളില്‍ കുട്ടികളെകൂടി സഹകരിപ്പിക്കാന്‍ മാതാപിതാക്കള്‍ക്കും സംഘടനകള്‍ക്കും കഴിയണം. ഇന്ന് കുട്ടികളുടെ പങ്കാളിത്തം കൂടുതല്‍ കാണുന്നത് ആത്മീയ സമ്മേളനങ്ങളില്‍ മാത്രമാണ്. വല്ലപ്പോഴും ലഭിക്കുന്ന ആത്മീയ സമ്മേളനംകൊണ്ട് അവരുടെ ആ പ്രവര്‍ത്തനവും അവസാനിക്കുന്നു.

റിപ്പോര്‍ട്ട്: വര്‍ഗീസ് മാത്യു