സമ്മേളനങ്ങള്‍ക്കായി അമേരിക്ക ഉണര്‍ന്നു
Tuesday, June 10, 2014 8:06 AM IST
ന്യൂയോര്‍ക്ക്: മലയാളി സംഗമങ്ങള്‍ക്കുവേണ്ടി അമേരിക്ക ഉണര്‍ന്നു. സമ്മര്‍ ആരംഭിച്ചതോടുകൂടി അമേരിക്കയിലെ സാംസ്കാരിക, ആത്മീയ പൊതുസമ്മേളനങ്ങള്‍ക്ക് ജൂണ്‍ അവസാനം മുതല്‍ ആരംഭം കുറിക്കും.

ഫോമ, ഫൊക്കാന തുടങ്ങിയ മലയാളി സംഘടനകളുടേതാണ് പ്രധാനപ്പെട്ട പൊതുപരിപാടികള്‍, വിവിധ ക്രിസ്തീയ സഭകളുടെ ഫാമിലി കോണ്‍ഫറന്‍സുകള്‍ തുടങ്ങിയവയ്ക്ക് തുടക്കം കുറിക്കും. ഫോമ സമ്മേളനം ഫിലാഡല്‍ഫിയയില്‍ ജൂണ്‍ 26 മുതല്‍ 29 വരെ വാലി ഫോര്‍ജ് കാസിനോ റിസോര്‍ട്ടില്‍ നടക്കും. ജോര്‍ജ് മാത്യു, ഗ്ളാഡ്സണ്‍ വര്‍ഗീസ്, വര്‍ഗീസ് ഫിലിപ്പ് തുടങ്ങിയവരാണ് ഫോമ കണ്‍വന്‍ഷന് നേതൃത്വം കൊടുക്കുന്നത്.

ഫൊക്കാന സമ്മേളനം ഷിക്കാഗോയിലെ ഹയത് റീജിയന്‍സിയില്‍ ജൂലൈ നാലു മുതല്‍ ആറു വരെ നടക്കും. മറിയാമ്മ പിള്ളയുടെയും ടറന്‍സണ്‍ തോമസിന്റെയും നേതൃത്വത്തിലാണ് നടക്കുന്നത്.

എപ്പിസ്കോപ്പല്‍ സഭകളായ സീറോ മലബാര്‍ കാത്തലിക് രൂപത, മാര്‍ത്തോമ, ഓര്‍ത്തഡോക്സ്, പാത്രിയര്‍ക്കീസ് സമ്മേളനങ്ങളും വിവിധ സ്റേറ്റുകളില്‍ നടക്കും.

പെന്തക്കോസ്ത സഭകളുടെ നേതൃത്വത്തിലുള്ള പെന്തക്കോസ്ത കോണ്‍ഫറന്‍സ് മിഷിഗണിലാണ് നടക്കുക.

വിവിധ സമ്മേളനങ്ങള്‍ക്കുവേണ്ടി കേരളത്തില്‍നിന്നും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, ആത്മീയ നേതാക്കന്മാരുടെ ഒരു വലിയ നിരതന്നെ അമേരിക്കയിലെത്തും.