വാഹനാപകടം: മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകും
Tuesday, June 10, 2014 8:05 AM IST
റിയാദ്: കഴിഞ്ഞ വ്യാഴാഴ്ച റിയാദ് ദമാം ഹൈവേയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച പട്ടാമ്പി കൊടുമുണ്ട കുരുത്തോലയില്‍ അബ്ദുറഹ്മാന്‍ (54), മലപ്പുറം മങ്ങാട്ടുപുലം ചോലക്കപ്പറമ്പന്‍ ഷൌക്കത്ത് (38) എന്നിവരുടെ മൃതദേഹങ്ങള്‍ ചൊവ്വാഴ്ച പുലര്‍ച്ചെ സൌദി എയര്‍ലൈന്‍സില്‍ നാട്ടിലെത്തിച്ചു.

പിക്കപ്പ് കാറിന്റെ ടയര്‍പൊട്ടി മറിഞ്ഞാണ് അപകടമുണ്ടായത്. അല്‍ഹസയില്‍ ബിസിനസ് ചെയ്യുന്ന അബ്ദുറഹ്മാനും ഷൌക്കത്തും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ബദിയയിലെ അമീര്‍ സല്‍മാന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള മലപ്പുറം പറമ്പില്‍ പീടികയില്‍ കാടപ്പടി സിദ്ദീഖി (39) നോടൊപ്പം റിയാദില്‍ നിന്നും അല്‍ഹസയിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്. ഷൌക്കത്തും അബ്ദുറഹ്മാനും സംഭവസ്ഥലത്തുതന്നെ മരിച്ചു. ദമാമില്‍ തുണിക്കച്ചവടം നടത്തുന്ന സിദ്ദീഖായിരുന്നു വണ്ടിയോടിച്ചിരുന്നത്. ഗുരുതരാവസ്ഥയിലുള്ള സിദ്ദീഖിന് ഇതിനകം മൂന്ന് സര്‍ജറി നടത്തിയിട്ടുണ്ട്.

ഷൌക്കത്ത് 19 വര്‍ഷമായി അല്‍ഹസയിലുണ്ട്. രണ്ട് വര്‍ഷം മുന്‍പ് നാട്ടില്‍ പോയി വന്നതാണ്. ഹംസ- ജമീല ദമ്പതികളുടെ മകനായ ഷൌക്കത്തിന്റെ ഭാര്യ സുഹ്റ. ഫാത്തിമ ഷെറിന്‍, അല്‍സാബിത് എന്നിവര്‍ മക്കളാണ്. അബ്ദുറഹ്മാന്‍ 20 വര്‍ഷമായി അല്‍ഹസയില്‍ ജോലി ചെയ്യുന്നു. പരേതനായ മൊയ്തീന്റെയും ആയിശയുടേയും മകനാണ്. ജമീലയാണ് ഭാര്യ. അബൂ താഹിര്‍ (ജുബൈല്‍), ഷഹ്ന, സാലിഹ് എന്നിവര്‍ മക്കളാണ്. എട്ട് മാസം മുന്‍പാണ് നാട്ടില്‍ പോയി വന്നത്.

മരണാനന്തര നടപടിക്രമങ്ങള്‍ക്ക് ബന്ധുക്കളോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തകനായ തെന്നല മൊയ്തീന്‍ കുട്ടിയുമുണ്ടായിരുന്നു. മൃതദേഹത്തോടൊപ്പം അബ്ദുറഹ്മാന്റെ മകന്‍ അബൂ താഹിറും ഷൌക്കത്തിന്റെ സഹോദരന്‍ മുഹമ്മദ് റഫീഖും നാട്ടിലേക്ക് പോകുന്നുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍