മാര്‍ത്തോമ്മാ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന മീഡിയ-പബ്ളിക് റിലേഷന്‍ കമ്മറ്റി ചുമതലയേറ്റു
Tuesday, June 10, 2014 5:14 AM IST
ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ പ്രവര്‍ത്തനങ്ങളും വാര്‍ത്തകളും പത്ര-ദൃശ്യ-ശ്രവ്യ മാദ്ധ്യമങ്ങളിലൂടെ സത്യസന്ധമായും ഔദ്യോഗികമായും പ്രസിദ്ധപ്പെടുത്തുന്നതിനായി ഭദ്രാസന കൌണ്‍സില്‍ രൂപീകരിച്ച മീഡിയ-പബ്ളിക്ക് റിലേഷന്‍ കമ്മറ്റി ചുമതലയേറ്റു.

ഭദ്രാസന അദ്ധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്(പ്രസിഡന്റ്), റവ. ബിനോയ് തോമസ് (ഭദ്രാസന സെക്രട്ടറി), ഭദ്രാസന കൌണ്‍സിലംഗം സഖറിയ കോശി(കണ്‍വീനര്‍), അലന്‍ ജോണ്‍ ചെന്നിത്തല, ഷാജി രാമപുരം, അനില്‍ തോമസ് എന്നിവരടങ്ങുന്ന കമ്മറ്റിയെ ഭദ്രാസന കൌണ്‍സില്‍ നിയമിച്ചു. മീഡിയ കമ്മറ്റി നല്‍കുന്ന സഭാ വാര്‍ത്തകള്‍ പത്ര-ദൃശ്യ-ശ്രവ്യ മാദ്ധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ച് ഭദ്രാസനപ്രവര്‍ത്തനങ്ങളെ സഹായിക്കണമെന്നും ഈ കമ്മറ്റി ഔദ്യോഗികമായി നല്‍കുന്ന വാര്‍ത്തകളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഭദ്രാസന കൌണ്‍സിലിന് ഉണ്ടായിരിക്കുമെന്നും കണ്‍വീനര്‍ അറിയിച്ചു.

പ്രശ്നസങ്കീര്‍ണ്ണതകളില്‍ ക്രിസ്തീയ സാക്ഷ്യം നിര്‍വ്വഹിക്കുക ദൈവ സ്നേഹം പങ്കുവെക്കുക എന്നതാണ് ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയുടെ ദൌത്യം. ആക്കിയിരിക്കുന്ന ഇടങ്ങളില്‍ സാമൂഹ്യ ജീവിത പ്രശ്നങ്ങളെ ശരിയായി മനസ്സിലാക്കി അവയോട് ക്രിയാത്മകമായി പ്രതികരിച്ചുകൊണ്ട്, സത്യവിശ്വാസത്തില്‍ അധിഷ്ഠിതമായ ഒരു പുത്തന്‍ പ്രതിസംസ്ക്കാരം രൂപപ്പെടുത്തേണ്ട വെല്ലുവിളിയാണ് സഭക്കുള്ളത്. ഈ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് സാമൂഹ്യപ്രതിബദ്ധതയുള്ള പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപംകൊടുക്കുവാനാണ് പബ്ളിക്ക് റിലേഷന്‍ വിഭാഗം പ്രവര്‍ത്തിക്കുന്നത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം