പ്രവാസി മലയാളിയുടെ കൊലപാതകം: മക്കള്‍ അറസ്റില്‍
Tuesday, June 10, 2014 4:54 AM IST
കോഴിക്കോട്: താമരശേരിയില്‍ സ്വത്ത് തട്ടിയെടുക്കാനായി പ്രവാസി വ്യവസായിയായ ഗൃഹനാഥനെ കൊലപ്പെടുത്തി കനാലില്‍ തള്ളിയെന്ന കേസില്‍ രണ്ടു മക്കള്‍ അറസ്റിലായി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 29 മുതല്‍ കാണാതായ താമരശേരി ചുങ്കം സ്വദേശി അബ്ദുല്‍ കരീമിനെ കൊലപ്പെടുത്തിയതാണെന്ന് കണ്െടത്തിയതായി ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി. കേസില്‍ മക്കളായ മിഥുലജ്(26), ഫിര്‍ദൌസ് (23) എന്നിവരാണ് അറസ്റിലായത്. അബ്ദുല്‍ കരീമിനെ കൊലപ്പെടുത്തിയ ശേഷം മൈസൂരിലെ ഒരു കനാലില്‍ തള്ളിയെന്നാണ് വിവരം. എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് വെളിപ്പെടുത്തിയിട്ടില്ല.

അബ്ദുല്‍ കരീമിന് നാട്ടിലും കുവൈറ്റിലുമായി ഒട്ടേറെ ബിസിനസ് സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നു. നാട്ടിലെ ഭാര്യയും മക്കളും അറിയാതെ കുവൈറ്റില്‍ വച്ച് ശ്രീലങ്കക്കാരിയായ സ്ത്രീയെ വിവാഹം കഴിച്ചു. ഇതറിഞ്ഞതോടെ ആദ്യ ഭാര്യക്കും മക്കള്‍ക്കും ഇയാളോട് അതൃപ്തിയായി.

ഇതിനിടയില്‍ നാട്ടിലെത്തിയ അബ്ദുല്‍ കരീം ശ്രീലങ്കക്കാരിയായ രണ്ടാം ഭാര്യക്കൊപ്പം വയനാട്ടില്‍ ഒരു റിസോര്‍ട്ടില്‍ താത്കാലികമായി താമസമാരംഭിച്ചു. ഇവിടെ നിന്നും വീട്ടിലെത്തി തന്റെ ചില രേഖകളും മറ്റും എടുത്ത് പോയ ഇയാളെക്കുറിച്ച് വ്യക്തമായ ഒരു വിവരവും ലഭിച്ചില്ല. ഇതേതുടര്‍ന്ന് ബന്ധുക്കള്‍ താമരശേരി ഡിവൈഎസ്പിക്ക് പരാതി നല്‍കി. റിയല്‍ എസ്റേറ്റ് ലോബികളുമായി ബന്ധമുണ്െടന്ന കാരണത്താല്‍ ഇവരാരെങ്കിലും തട്ടികൊണ്ടുപോയതാണോ എന്നായിരുന്നു ബന്ധക്കളുടെ സംശയം. തുടര്‍ന്ന് ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ തുമ്പുണ്ടായിരുന്നില്ല. തുര്‍ന്ന് മൂന്ന് മാസം മുമ്പ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടതോടെയാണ് തുമ്പുണ്ടായത്.

കുവൈറ്റില്‍ വിവിധ ബിസിനസ് സ്ഥാപനങ്ങള്‍ നടത്തിയിരുന്ന അബ്ദുല്‍ കരീം ഇരുപത്തി മൂന്ന് വര്‍ഷത്തോളം കുവൈത്തില്‍ ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും നടത്തി വരികയായിരുന്നു. കാണാതായെന്ന് പറയുന്ന സെപ്റ്റംബര്‍ 29-ന് രാവിലെ ഏഴോടെ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നുവെന്ന് കാണിച്ച് മക്കളാണ് താമരശേരി പോലീസില്‍ പരാതി നല്‍കിയിരുന്നത്. ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇയാളെ കാണാതായ സംഭവത്തില്‍ ഒരു തെളിവും ലഭിക്കാതിരുന്നതിനെതുടര്‍ന്ന് കരീമിന്റെ സഹോദരന്‍ മുഖ്യമന്ത്രി, അഭ്യന്തരമന്ത്രി, കേന്ദ്ര പ്രവാസി കാര്യമന്ത്രി, താമരശേരി ഡിവൈഎസ്പി, റൂറല്‍ എസ്പി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിരുന്നു. അബ്ദുള്‍ കരീമിനെ കാണാതായിട്ടും ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണകാര്യത്തില്‍ ഭാര്യയും മക്കളും വേണ്ടത്ര താല്‍പര്യം കാണിക്കാതിരുന്നതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ പരാതി നല്‍കിയത്.