അവധിക്ക് പോകുന്ന തൊഴിലാളിയുടെ പേരില്‍ ഗോസിയില്‍ പണം അടയ്ക്കേണ്ടതില്ല: ഗോസി മേധാവി
Monday, June 9, 2014 5:53 AM IST
ദമാം: വിദേശ തൊഴിലാളികള്‍ അവധിക്ക് നാട്ടിലേക്ക് പോകുന്ന കാലയളവില്‍ തൊഴിലിടങ്ങളില്‍ അപകട നഷ്ടപരിഹാരത്തിനുള്ള ഇന്‍ഷ്വറന്‍സായ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷ്വറന്‍സിന് പണം അടയ്ക്കേണ്ടതില്ലെന്നാണ് ഗോസി മേധാവി അബ്ദുള്‍ റഹ്മാന്‍ അല്‍ ഫുലൈസ അറിയിച്ചു.

തൊഴിലാളി അവധിയില്‍ പോകുന്ന ഘട്ടത്തില്‍ ഗോസിയില്‍ വിവരം അറിയിക്കണം. ജോലിക്ക് തിരിച്ചെത്തുമ്പോള്‍ വീണ്ടും പോളിസിയില്‍ പങ്കാളിത്തം ആരംഭിക്കുകയും ചെയ്യും. അടുത്ത വര്‍ഷം മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.

തൊഴിലുടമകള്‍ തൊഴിലാളികളുടെ യഥാര്‍ഥ വേതനം ഗോസിയില്‍ രേഖപ്പെടുത്തണം. ശമ്പളം കുറച്ച് കാണിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അല്‍ ഫുലൈസ പറഞ്ഞു. കൂടാതെ ഗോസിയില്‍ അടയ്ക്കേണ്ട വിദേശികളായ തൊഴിലാളികളുടെ കുറഞ്ഞ ശമ്പളം 400 റിയാലായിരുന്നത് 800 റിയാലായി ഉയര്‍ത്തി.

ജോലിസ്ഥലത്തുണ്ടാകുന്ന അപകടങ്ങള്‍ക്കും ജോലിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങള്‍ക്ക് ചികിത്സിക്കുന്നതിനും നഷ്ടപരിഹാരത്തിനുമാണ് തൊഴിലാളികളുടടെ വേതനത്തിന്റെ രണ്ടു ശതമാനം ഗോസിയില്‍ അടയ്ക്കുന്നത്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം