ഫോര്‍ക്കയും റിഫയും ഷിഫ അല്‍ ജസീറയും സംയുക്തമായി ലോകകപ്പ് ഫുട്ബോള്‍ പ്രവചന മത്സരം സംഘടിപ്പിക്കുന്നു
Monday, June 9, 2014 5:52 AM IST
റിയാദ്: ബ്രസീലിലെ ലോകകപ്പ് ഫുട്ബോളിന്റെ മുഴുവന്‍ ആവേശവും ജനങ്ങളിലെത്തിക്കുന്നതിനായി പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോര്‍ക്കയും റിയാദ് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷനും ചേര്‍ന്ന് ഷിഫ അല്‍ ജസീറ പോളിക്ളിനിക്കിന്റെ സഹകരണത്തോടെ ലോകകപ്പ് മത്സരങ്ങള്‍ തത്സമയം കാണുന്നതിന് സൌകര്യമൊരുക്കുന്നതോടൊപ്പം കാണികള്‍ക്ക് നിരവധി മത്സരങ്ങളും ചര്‍ച്ചയും സംവാദങ്ങളും സംഘടിപ്പിക്കുന്നു.

മുഴുവന്‍ മത്സരങ്ങളും തത്സമയം വീക്ഷിക്കാന്‍ വലിയ സ്ക്രീനും വിശാലമായ ഓഡിറ്റോറിയവും ജനങ്ങള്‍ക്കായി സജജീകരിച്ചിട്ടുണ്ട്. അതോടൊപ്പം കളി കാണാനെത്തുന്നവര്‍ക്ക് പ്രവചന മത്സരവും ഇന്‍സ്റന്റ് സമ്മാനങ്ങളടക്കം നിരവധി പാരിതോഷികങ്ങളും ഉണ്ടായിരിക്കുമെന്ന് സംഘാടക സമിതി അംഗങ്ങളായ അലി ആലുവ, മുജീബ് ഉപ്പട, അക്ബര്‍ വേങ്ങാട്ട് എന്നിവര്‍ അറിയിച്ചു.

എല്ലാ ദിവസവും പ്രമുഖ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഫുട്ബോളിനെ സംബന്ധിച്ച പ്രശ്നോത്തരി മത്സരവും സംഘടിപ്പിക്കും. അതോടൊപ്പം പ്രമുഖ ഫുട്ബോള്‍ സംഘാടകരും കളിക്കാരും പങ്കെടുക്കുന്ന ലോകകപ്പ് അവലോകനങ്ങള്‍, മുതിര്‍ന്ന കളിക്കാരെ ആദരിക്കല്‍, കുട്ടികള്‍ക്കായുള്ള വിവിധ മത്സര പരിപാടികള്‍ എന്നിവയും ആസൂത്രണം ചെയ്തിട്ടുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍